Monday, August 17, 2026

ഭവനനിര്‍മ്മാണം: 1 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ഒന്റാരിയോ- ഫെഡറല്‍ സര്‍ക്കാര്‍


ഓട്ടവ: ഭവനനിര്‍മ്മാണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രവിശ്യയിലെ മുനിസിപ്പാലിറ്റികളെ സഹായിക്കുന്നതിനായി ഒരു ബില്യണ്‍ ഡോളര്‍ സഹായ പദ്ധതി പ്രഖ്യാപിച്ച് ഒന്റാരിയോ- ഫെഡറല്‍ സര്‍ക്കാര്‍. റോഡുകള്‍, പാലങ്ങള്‍, കുടിവെള്ള വിതരണ സംവിധാനങ്ങള്‍ എന്നിവയ്ക്കായി ഡെവലപ്മെന്റ് ചാര്‍ജുകള്‍ ഈടാക്കാത്ത നഗരസഭകള്‍ക്കാണ് ഈ തുക ലഭിക്കുക. ഫെഡറല്‍ സര്‍ക്കാരും ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരും 50 കോടി ഡോളര്‍ വീതം പങ്കിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതി വീടുകള്‍ നിര്‍മിക്കുന്നതിനുള്ള ആദ്യഘട്ട ചെലവുകള്‍ കുറയ്ക്കുമെന്നും ഭവന ലഭ്യത വര്‍ധിപ്പിക്കുമെന്നും ഫെഡറല്‍ ഭവന നിര്‍മാണ മന്ത്രി ഗ്രിഗര്‍ റോബര്‍ട്‌സണ്‍ വ്യക്തമാക്കി. യു.എസ് തീരുവ പ്രഖ്യാപനങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ പ്രാദേശിക സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് ഒന്റാരിയോയുടെ ആക്ടിങ് അടിസ്ഥാനസൗകര്യ വികസന മന്ത്രി ടോഡ് മക്കാര്‍ത്തി പറഞ്ഞു.

അര്‍ഹരായ നഗരസഭകള്‍ക്ക് ധനസഹായത്തിനായുള്ള അപേക്ഷകള്‍ 2026 ഒക്ടോബര്‍ 29 മുതല്‍ സമര്‍പ്പിക്കാം. പുതിയ ഭവന നിര്‍മാണത്തിന് ഏറ്റവും വലിയ തടസ്സമാകുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണത്തിനും നവീകരണത്തിനുമുള്ള അമിത ചെലവാണെന്ന് ഞായറാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ മക്കാര്‍ത്തി ചൂണ്ടിക്കാട്ടി. ഡെവലപ്മെന്റ് ചാര്‍ജുകള്‍ ഈടാക്കാത്ത പല നഗരസഭകളും അറ്റകുറ്റപ്പണികളുടെ കുടിശ്ശിക, വര്‍ധിച്ച നിര്‍മാണച്ചെലവ്, ഫണ്ടിന്റെ ലഭ്യതക്കുറവ് എന്നിവ കാരണം വലിയ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും വടക്കന്‍ മേഖലകളിലും അടിസ്ഥാന സൗകര്യ വികസനം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അസോസിയേഷന്‍ ഓഫ് മുന്‍സിപ്പാലിറ്റീസ് ഓഫ് ഒന്റാരിയോ പ്രസിഡന്റ് റോബിന്‍ ജോണ്‍സ് പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!