ടൊറന്റോ: കാനഡയിലെ ഒന്റാരിയോ, കെബെക്ക് പ്രവിശ്യകളിൽ വിപണിയിൽ എത്തിച്ച പ്രമുഖ ബ്രാൻഡുകളുടെ ചീസ് ഉൽപ്പന്നങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കാൻ ഉത്തരവ്. ഇ.കോളി (E. coli) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയുടെ (CFIA) നടപടി. ഉപഭോക്താക്കൾ വാങ്ങിയ ചീസ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഇവ വാങ്ങിയ കടകളിൽ തിരികെ നൽകുകയോ പൂർണ്ണമായി നശിപ്പിച്ചു കളയുകയോ ചെയ്യണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
തിരിച്ചുവിളിച്ച പ്രധാന ഉൽപ്പന്നങ്ങൾ:
ബാക്ടീരിയ ബാധ കണ്ടെത്തിയതിനെ തുടർന്ന് വിപണിയിൽ നിന്ന് പിൻവലിച്ച പ്രധാന ചീസ് ഇനങ്ങളും അവയുടെ ബ്രാൻഡുകളും താഴെ പറയുന്നവയാണ്:
ബിയാങ്ക മുർജ (Bianca Murgia): ബറന്റിന പുഗ്ലീസ, ബററ്റിന പുഗ്ലീസ അൽ ടാർട്ടുഫോ.
ലോങ്കോസ് ക്യൂറാറ്റോ (Longo’s Curato): ബറേറ്റ സോഫ്റ്റ് ഫ്രഷ് ചീസ്.
സപ്പോരി കൊറാനിതി (Sapori Coratini): സ്ട്രാച്ചാട്ടെല്ല ഫ്രഷ് ചീസ്.

ആരോഗ്യ സുരക്ഷാ മുന്നറിയിപ്പുകൾ:
ഇ.കോളി ബാക്ടീരിയ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.ഈ ചീസ് കഴിച്ചതു വഴി ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണെന്ന് അധികൃതർ നിർദേശം നൽകി. വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ഉപഭോക്താക്കൾക്ക് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയുടെ (CFIA) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
