തിരുവനന്തപുരം: മെസ്സി വിവാദത്തില്‍ കായിക സ്പെഷ്യല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ പൂര്‍ണ്ണമായി തള്ളി മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാന് രംഗത്തെത്തി. റിപ്പോര്‍ട്ടിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് അബ്ദുറഹ്മാന്റെ പരാമര്‍ശം.
സര്‍ക്കാര്‍ പണം ചെലവഴിക്കുമ്പോഴാണ് ടെന്‍ഡര്‍ നടപടികള്‍ ആവശ്യമുള്ളതെന്നും, എന്നാല്‍ റിപ്പോര്‍ട്ടര്‍ കമ്പനി സ്വമേധയാ സ്പോണ്‍സറാകാന്‍ മുന്നോട്ടുവരികയായിരുന്നുവെന്നും വി. അബ്ദുറഹ്മാന് വ്യക്തമാക്കി. മത്സരം നടത്താന്‍ നിശ്ചയിച്ച കലൂര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമോ സമാനമായ മറ്റ് അവകാശങ്ങളോ സ്പോണ്സര്ക്ക് നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ ഇവിടെ ബാധകമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ വാണിജ്യ കണക്കുകള്‍ ഒന്നിച്ചുകൂട്ടി സര്‍ക്കാരിന്റെ നഷ്ടമായി ചിത്രീകരിക്കുകയാണ് റിപ്പോര്‍ട്ടില്‍ ചെയ്തിരിക്കുന്നത്. സ്പോണ്‍സറുടെ സാമ്പത്തിക നഷ്ടം സര്‍ക്കാരിന്റെ നഷ്ടമല്ലെന്നും, കരാര്‍ പ്രകാരം പണം നല്‍കിയിട്ടും മത്സരം നടന്നിട്ടില്ലെങ്കില്‍ അതില്‍ നഷ്ടമുണ്ടായ കക്ഷിക്ക് കോടതിയെ സമീപിക്കാമെന്നും മുന്‍ മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ വിദേശപണമിടപാടുകളില് നിയമവിരുദ്ധമായി ഒന്നുമില്ലെന്നും, മത്സരം നടന്നിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന ജിഎസ്ടി നഷ്ടപ്പെട്ട പണമായി കണക്കാക്കുന്നത് കേവലം സാങ്കല്പികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
