Wednesday, August 19, 2026

മെസിയുടെ പേരിൽ നികുതി വെട്ടിപ്പ്; 3 GST ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പിൽ നടപടി സ്വീകരിക്കാതിരുന്ന മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ജിഎസ്ടി വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമീഷണർ ചാർജ് മെമ്മോ നൽകി.

കോഴിക്കോട് ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് ജോയിന്റ് കമീഷണർ ശ്രീവത്സല, കാസർകോട് ഡെപ്യൂട്ടി കമീഷണർ വി. സചിത്, കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ കെ.എസ്. സജിനി എന്നിവർക്കാണ് മെമ്മോ നൽകിയത്. അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം നൽകാനും നിർദേശിച്ചിട്ടുണ്ട്.

സൗഹൃദ ഫുട്ബോൾ മത്സരത്തിന്റെ പേരിൽ നികുതി വെട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടിട്ടും കമ്പനിക്ക് നോട്ടീസ് നൽകുകയോ പ്രതിനിധികളെ വിളിച്ചുവരുത്തി നികുതി ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.നികുതി വെട്ടിപ്പ് സംബന്ധിച്ച വിവരം കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ പി.വി. രത്നാകരൻ 2025 ഓഗസ്റ്റ് ഒന്നിന് കാസർകോട് ഡെപ്യൂട്ടി കമീഷണറെ കത്തിലൂടെ അറിയിച്ചിരുന്നു. ഈ റിപ്പോർട്ടാണ് പിന്നീട് ജിഎസ്ടി വകുപ്പിൽ കൂടുതൽ നടപടികൾക്ക് വഴിവെച്ചത്.

എന്നാൽ, സ്പോൺസർ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ജിഎസ്ടി വകുപ്പ് നോട്ടീസ് നൽകിയതിനു പിന്നാലെ രണ്ട് മന്ത്രിമാരുടെ ഓഫീസുകളിൽ നിന്ന് ഇടപെടലുണ്ടായെന്നും തുടർന്ന് അന്വേഷണം മരവിപ്പിച്ചെന്നുമാണ് ആരോപണം.

നികുതി വെട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥന് അംഗീകാരം നൽകുന്നതിന് പകരം പ്രതികാര നടപടിയുടെ ഭാഗമായി പി.വി. രത്നാകരനെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയെന്നും അന്വേഷണത്തിൽ ആരോപണമുണ്ട്. അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാനും നീക്കമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

നികുതി വെട്ടിപ്പ്, വെട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കൽ, രാഷ്ട്രീയ സ്വാധീനം ചെലുത്തൽ തുടങ്ങിയ ആരോപണങ്ങളിൽ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് വിവരം. അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നത് തടയാൻ ഭരണ-പ്രതിപക്ഷ അനുകൂല സർവീസ് സംഘടനകളിലെ ചിലരും രാഷ്ട്രീയ നേതാക്കളും ഇടപെടുന്നതായും ആരോപണമുണ്ട്.

അതേസമയം, സമ്മർദങ്ങൾക്ക് വഴങ്ങാതെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം വിവിധ വ്യക്തികളിൽ നിന്ന് മൊഴിയെടുക്കുന്നത് തുടരുകയാണ്. മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരായ തുടർനടപടികളും അവരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!