Wednesday, August 19, 2026

വിചാരണ നടപടികൾ തടയണം; മുട്ടിൽ മരംമുറി കേസിലെ പ്രതികൾ ഹൈക്കോടതിയിൽ

കൊച്ചി: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടയണമെന്നാണ് പ്രതികളുടെ ആവശ്യം.

കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി പ്രതികളോട് നാളെ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും കോടതിയിൽ ഹാജരായെങ്കിലും മറ്റൊരു പ്രതിയായ റോജി അഗസ്റ്റിൻ ഹാജരായിരുന്നില്ല.

തുടർന്ന് അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും കോടതിയിൽ ഹാജരായത്. റോജി അഗസ്റ്റിൻ ഹാജരാകാത്ത സാഹചര്യത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് വിവരം.

മരം അനധികൃതമായി മുറിച്ച് വിറ്റുവെന്ന് ആരോപണം

വയനാട്ടിലെ വിവാദമായ മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ടാണ് അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ എറണാകുളം അമ്പലമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുട്ടിലിൽ നിന്ന് വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി മരം മുറിച്ചുമാറ്റി അമ്പലമേട്ടിലെ ടിമ്പർ കമ്പനിക്ക് വിറ്റുവെന്നാണ് കേസ്.

വിശ്വാസവഞ്ചന നടത്തിയെന്ന് ആരോപിച്ച് ടിമ്പർ കമ്പനി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്പലമേട് പൊലീസ് കേസെടുത്തത്. കേസിലെ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് പ്രതികൾ ഹൈക്കോടതിയെ വീണ്ടും സമീപിച്ചിരിക്കുന്നത്.മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട വിവിധ അന്വേഷണങ്ങളും നിയമനടപടികളും നേരത്തേ തന്നെ നടന്നുവരികയാണ്. പുതിയ ഹർജിയിൽ ഹൈക്കോടതിയുടെ നിലപാട് കേസിന്റെ തുടർ വിചാരണ നടപടികളിൽ നിർണായകമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!