Wednesday, August 19, 2026

ഓട്ടവയിൽ വ്യാജ പാർക്കിങ് തട്ടിപ്പ്; 20ലേറെ പരാതികളിൽ പൊലീസ് അന്വേഷണം

ഓട്ടവ: ഡൗൺടൗൺ ഓട്ടവയിൽ വ്യാജമായി പാർക്കിങ് സ്ഥലങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ച് ലഭിച്ച 20ലേറെ പരാതികളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതികളിൽ ഒരേ വ്യക്തിയുടെ പേര് ആവർത്തിച്ച് വരുന്നതായി ഫിനാൻഷ്യൽ ക്രൈംസ് യൂണിറ്റിലെ ഡിറ്റക്ടീവ് ഷോൺ വഹ്ബെ അറിയിച്ചു.

നോഹ ബാങ്ക്സും കാതറിൻ മാൻലിയും തങ്ങളുമായി നേരിട്ട് ഇടപെട്ട വ്യക്തിയെ സാമിൻ യാസർ എന്നാണ് തിരിച്ചറിഞ്ഞത്. 400 ആൽബർട്ട് സ്ട്രീറ്റിലെ പാർക്കിങ് സ്ഥലത്തിനായി ബാങ്ക്സ് ഒരു വർഷത്തേക്ക് 3,900 കനേഡിയൻ ഡോളർ നൽകിയെങ്കിലും പാർക്കിങ് സ്ഥലം ലഭിച്ചില്ല. മാൻലി 3,850 ഡോളർ നൽകിയ ശേഷം ഏകദേശം ഒരു മാസം പാർക്കിങ് ഉപയോഗിച്ചെങ്കിലും പിന്നീട് പ്രവേശനം നഷ്ടപ്പെട്ടതായി പറയുന്നു.

തന്റെ അനുഭവം റെഡിറ്റിലും ഫേസ്ബുക്കിലും പങ്കുവെച്ചതോടെയാണ് സമാന പരാതികളുമായി കൂടുതൽ പേർ രംഗത്തെത്തിയതെന്ന് ബാങ്ക്സ് പറഞ്ഞു. റിച്ച്മണ്ടിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരി ദീപാ റാവോ, ‘സെയാദ്’ എന്ന പേരിലാണ് താൻ വ്യക്തിയെ പരിചയപ്പെട്ടതെന്നും ‘Bytown and Co.’ എന്ന പേരിലുള്ള കരാർ ലഭിച്ചതായും പറഞ്ഞു. കൂപ്പർ സ്ട്രീറ്റിലെ പാർക്കിങ്ങിനായി 800 ഡോളറിലേറെ നൽകാനിരിക്കെ ബാങ്ക് ഇ-ട്രാൻസ്ഫർ തടഞ്ഞതിനെ തുടർന്ന് നടത്തിയ ഓൺലൈൻ തിരച്ചിലിലാണ് തട്ടിപ്പിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചതെന്നും അവർ പറഞ്ഞു.
സ്ലേറ്റർ സ്ട്രീറ്റിലെ പാർക്കിങ്ങിനായി മറ്റൊരു യുവതി 1,800 ഡോളർ നൽകിയെങ്കിലും പിന്നീട് സ്ഥലത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു.

ഡൗൺടൗൺ മേഖലയിൽ പാർക്കിങ് സ്ഥലങ്ങൾക്ക് ഉയർന്ന ആവശ്യകതയുള്ളതിനാൽ ഇത്തരം തട്ടിപ്പുകൾക്ക് ആളുകൾ ഇരയാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പണം കൈമാറുന്നതിന് മുമ്പ് പാർക്കിങ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും വാടകയ്ക്ക് നൽകാനുള്ള അധികാരവും കരാറിന്റെ സാധുതയും വിശദമായി പരിശോധിക്കണമെന്നും പൊലീസ് നിർദേശിച്ചു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ സാമിൻ യാസർ നിഷേധിച്ചു. സംഭവം തട്ടിപ്പല്ലെന്നും ബിസിനസ് തർക്കമാണെന്നും ചിലർക്ക് പണം തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 400 ആൽബർട്ട് സ്ട്രീറ്റിലെ ചില വാടകക്കാർ തനിക്ക് പാർക്കിങ് സ്ഥലങ്ങൾ വാടകയ്ക്ക് നൽകിയിരുന്നെങ്കിലും ആവശ്യമായ ആക്സസ് ഫോബ് നൽകാത്തതാണ് പ്രശ്നത്തിന് കാരണമെന്നും യാസർ വ്യക്തമാക്കി.

എന്നാൽ കെട്ടിടം നിയന്ത്രിക്കുന്ന സെഞ്ച്വറിൻ പ്രോപ്പർട്ടി അസോസിയേറ്റ്സ് (Centurion Property Associates) യാസറിന് കെട്ടിടവുമായി യാതൊരു ബന്ധവുമില്ലെന്നും അവിടത്തെ പാർക്കിങ് സ്ഥലങ്ങൾ വാടകയ്ക്ക് നൽകാനോ സബ്‌ലീസ് ചെയ്യാനോ അദ്ദേഹത്തിന് അധികാരമില്ലെന്നും അറിയിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ ആർക്കെതിരെയും ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!