വാഷിങ്ടണ്‍: കാനഡയും അമേരിക്കയും തമ്മില്‍ പുതിയ വ്യാപര കരാറില്‍ ധാരണയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇനി പുതിയ താരിഫുകള്‍ ഉണ്ടാകില്ലെന്നും ട്രംപ്. വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ വ്യാപാര കരാര്‍ ധാരണയിലെത്തിയ വിവരം ട്രംപ് വെളിപ്പെടുത്തിയത്.
കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫുകള്‍ നീക്കിയതായി വ്യക്തമാക്കിയ അദ്ദേഹം, കനേഡിയന്‍ വാഹനങ്ങള്‍ക്ക് മേല്‍ അമേരിക്ക നിലവില്‍ ചുമത്തുന്ന താരിഫുകളില്‍ ചെറിയ തോതില്‍ ഇളന് വരുത്തുമെന്നും അറിയിച്ചു. പുതിയ കരാര്‍ അമേരിക്കന്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാണെന്നും ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്ന മികച്ച കരാറാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കനേഡിയന്‍ വൃത്തങ്ങളുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസണ് ഗ്രീറും കരാറില്‍ തൃപ്തി രേഖപ്പെടുത്തി. കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ പുതിയ ധാരണ ഉത്തരാമേരിക്കന് സമ്പദ്വ്യവസ്ഥയെ ഊര്‍ജ്ജ-ഉല്‍പ്പാദന മേഖലകളില്‍ വന്‍ ശക്തിയാക്കി മാറ്റുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
