നോവസ്‌കോഷ: നോവസ്‌കോഷയിലെ ന്യൂ ഗ്ലാസ്‌ഗോ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രദേശത്തെ ഏക അടിയന്തര ഭവനരഹിത അഭയകേന്ദ്രമായ ‘നോര്‍ത്ത്സ്റ്റാര്‍ ഷെല്‍ട്ടര്‍’ ഉടനടി അടച്ചുപൂട്ടാന്‍ നിര്‍ദേശം. തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയത്. പ്രശ്‌നത്തെക്കുറിച്ച് ദീര്‍ഘകാലമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇനി നടപടിയാണ് ആവശ്യമെന്നും മേയര്‍ നാന്‍സി ഡിക്‌സ് വ്യക്തമാക്കി.
അഭയകേന്ദ്രം കേന്ദ്രീകരിച്ച് മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍, പരസ്യമായ മയക്കുമരുന്ന് ഉപയോഗം എന്നിവ വര്‍ധിച്ചതാണ് കൗണ്‍സിലിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. അഭയകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാരണം ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 10 ലക്ഷത്തിലധികം ഡോളര്‍ ചെലവഴിക്കേണ്ടി വന്നതായി പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നതും സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് വ്യവസായ സ്ഥാപനങ്ങള്‍ പ്രദേശം വിട്ടുപോകുന്നതും വലിയ ആശങ്കയുയര്‍ത്തുന്നു. താല്‍ക്കാലിക അഭയകേന്ദ്രത്തിന് പകരം ലഹരിവിമുക്ത കേന്ദ്രങ്ങളും മാനസികാരോഗ്യ പിന്തുണയും ഉള്‍പ്പെടുന്ന സമഗ്ര ചികിത്സാ സംവിധാനമാണ് വേണ്ടതെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, കൗണ്‍സിലിന്റെ ഈ നിലപാടിനെതിരെ നോര്‍ത്ത്സ്റ്റാര്‍ ഷെല്‍ട്ടര്‍ അധികൃതര്‍ രംഗത്തെത്തി. ഭവനരഹിതര്‍ നേരിടുന്ന പ്രതിസന്ധിയുടെയും മയക്കുമരുന്ന് ഉപഭോഗത്തിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം ഒരു ചാരിറ്റി പ്രസ്ഥാനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവര്‍ നാല് പേജുള്ള പ്രസ്താവനയിലൂടെ വ്യക്തമാക്കി. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാതെ നിലവിലുള്ള ഏക അഭയകേന്ദ്രം അടച്ചുപൂട്ടുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും പ്രശ്‌നപരിഹാരത്തിനായി നഗരസഭ നിര്‍ണ്ണായക പങ്കുവഹിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രവിശ്യാ ഭരണകൂടമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
