ഓട്ടവ: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊലപാതകത്തില്‍ വഴിത്തിരിവ്. ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിച്ചത് താനും സംഘവുമെന്ന് ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാറിന്റെ ശബ്ദ സന്ദേശം പുറത്ത്. ഗോള്‍ഡി ബ്രാറിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിന്റെ ആധികാരികത അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

ഖലിസ്ഥാന്‍ ഭീകരന്‍ പരംജിത് സിങ് പമ്മയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് വെളിപ്പെടുത്തല്‍. യുവാക്കളെ ലഹരിക്കച്ചവടത്തിന് ഉപയോഗിച്ചതിലുള്ള വൈരാഗ്യം കാരണമെന്ന് ഓഡിയോ സന്ദേശത്തില്‍ പറയുന്നു. ’16-17 വയസ്സുള്ളവരെക്കൊണ്ട് മയക്കുമരുന്ന് വില്‍ക്കാന്‍ അവരെ പാകപ്പെടുത്തുകയും പ്രേരിപ്പിക്കുകയും ചെയ്തവര്‍, യുവാക്കളെ ഭീഷണിപ്പെടുത്തി മയക്കുമരുന്ന് വില്‍ക്കാനും വിവരദാതാക്കളാകാനും നിര്‍ബന്ധിച്ചവര്‍, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനായി നിജ്ജാര്‍ ഇത്തരം ആളുകളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ് ഞാനും എന്റെ സംഘവും ചേര്‍ന്ന് നിജ്ജറിനെ വധിക്കേണ്ടി വന്നത്” എന്ന് ബ്രാര്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
2023 ജൂണ്‍ 18 ന് ബ്രിട്ടിഷ് കൊളംബിയയില്‍ വെച്ചാണ് നിജ്ജര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. പിന്നാലെ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഇന്ത്യ തള്ളിയിരുന്നു.
