ദുബായ്: അംഗീകാരമില്ലാത്ത ഏജൻസികൾ വഴിയോ വ്യക്തികൾ മുഖേനയോ ഗാർഹിക തൊഴിലാളികളെ നിയമിക്കരുതെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഓഫീസുകൾ വഴി മാത്രമേ ഗാർഹിക തൊഴിലാളികളെ നിയമിക്കാവൂ എന്നാണ് നിർദേശം.
അനധികൃത ഏജൻസികളെയും ഇടനിലക്കാരെയും ആശ്രയിച്ചുള്ള നിയമനം സാമ്പത്തിക, സുരക്ഷാ, ആരോഗ്യപരമായ വിവിധ അപകടസാധ്യതകൾക്ക് ഇടയാക്കുമെന്നും ഇത്തരം സാഹചര്യങ്ങളിൽ നിയമപരിരക്ഷ ലഭിക്കാതെ വരാമെന്നും അധികൃതർ വ്യക്തമാക്കി.
അംഗീകൃത റിക്രൂട്ട്മെന്റ് ഓഫീസുകൾ വഴി നിയമനം നടത്തുമ്പോൾ ഔദ്യോഗിക നിരക്കുകൾ, പരിശീലനം ലഭിച്ച തൊഴിലാളികൾ, രണ്ട് വർഷത്തെ ഗ്യാരന്റി എന്നിവ ഉറപ്പാക്കാൻ സാധിക്കും. തൊഴിൽ കരാർ കൃത്യമായി നടപ്പാക്കാത്ത സാഹചര്യങ്ങളിൽ റിക്രൂട്ട്മെന്റ് ചെലവുകൾ പൂർണമായോ ഭാഗികമായോ തിരികെ ലഭിക്കുന്നതിനും തൊഴിലുടമകൾക്ക് നിയമപരമായ അവകാശമുണ്ട്.
രണ്ട് വർഷത്തെ പരമ്പരാഗത റിക്രൂട്ട്മെന്റ് സംവിധാനത്തിൽ ആദ്യ ആറ് മാസത്തിനുള്ളിൽ നിർദിഷ്ട സാഹചര്യങ്ങളിൽ നഷ്ടപരിഹാരത്തിനോ പകരം തൊഴിലാളിയെ ലഭിക്കുന്നതിനോ അപേക്ഷിക്കാം. ന്യായമായ കാരണമില്ലാതെ തൊഴിലാളി കരാർ റദ്ദാക്കുക, ജോലി ഉപേക്ഷിച്ച് പോകുക, വൈദ്യപരിശോധനയിൽ അയോഗ്യനാണെന്ന് കണ്ടെത്തുക, കരാർ പ്രകാരമുള്ള ജോലി നിർവഹിക്കാൻ പ്രാപ്തിയില്ലാതിരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഗാർഹിക തൊഴിലാളികളുടെ വേതനം വേതന സംരക്ഷണ സംവിധാനം (WPS) വഴി കൃത്യസമയത്ത് നൽകുന്നതും തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ്. അനുയോജ്യമായ താമസസൗകര്യം, ആവശ്യമായ ചികിത്സ, നിയമപ്രകാരമുള്ള അവകാശങ്ങളും അവധികളും എന്നിവയും തൊഴിലുടമ ഉറപ്പാക്കണം.
പരമ്പരാഗത റിക്രൂട്ട്മെന്റ് സംവിധാനത്തിന് പുറമെ മണിക്കൂർ, ദിവസം, ആഴ്ച, മാസം എന്നിവയുടെ അടിസ്ഥാനത്തിൽ തൊഴിലാളികളെ ലഭ്യമാക്കുന്ന ഫ്ലെക്സിബിൾ പാക്കേജുകളും അംഗീകൃത കേന്ദ്രങ്ങളിൽ ലഭ്യമാണ്. 24 മണിക്കൂറിനുള്ളിൽ തൊഴിലാളിയെ ലഭ്യമാക്കുന്ന താൽക്കാലിക സേവന പാക്കേജുകളും ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ വെബ്സൈറ്റും സ്മാർട്ട് ആപ്പും ഉപയോഗിച്ച് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കാനും പരാതികൾ സമർപ്പിക്കാനും സാധിക്കും. നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതിനായി അംഗീകൃത റിക്രൂട്ട്മെന്റ് കേന്ദ്രങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് മന്ത്രാലയം തൊഴിലുടമകളോട് നിർദേശിച്ചു.
