Tuesday, August 25, 2026

യുഎസ് താരിഫുകൾക്ക് കാനഡയുടെ തിരിച്ചടി: മേക്കപ്പ് മുതൽ സ്മാർട്ട്ഫോൺ വരെ 700 അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി

ഓട്ടവ : അമേരിക്കൻ ഭരണകൂടം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി താരിഫുകൾക്ക് മറുപടിയായി ഏകദേശം 700 അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പ്രത്യാഘാത താരിഫ് ഏർപ്പെടുത്താൻ കാനഡ. മേക്കപ്പ് ഉൽപ്പന്നങ്ങൾ, സ്മാർട്ട്ഫോണുകൾ, അടുക്കള ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, കാർഷിക യന്ത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പുതിയ നടപടിയുടെ പരിധിയിൽ വരും.

സെപ്റ്റംബർ 8 മുതൽ 15, 25, 50 ശതമാനം നിരക്കുകളിലായിരിക്കും താരിഫുകൾ പ്രാബല്യത്തിൽ വരിക. അമേരിക്ക കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയ താരിഫിന്റെ മൂല്യത്തിന് തുല്യമായ രീതിയിൽ ‘ഡോളറിന് ഡോളർ’ അടിസ്ഥാനത്തിലാണ് കാനഡയുടെ പ്രതികരണം. ഏകദേശം 27.6 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങളെയാണ് അമേരിക്കയുടെ പുതിയ താരിഫുകൾ ബാധിക്കുന്നത്.

അമേരിക്കയുടെ നടപടിക്ക് പിന്നാലെ കനേഡിയൻ സർക്കാർ നടത്തിയ ചർച്ചകൾ ഫലപ്രദമാകാതെ വന്നതോടെയാണ് പ്രത്യാഘാത താരിഫുകൾ പ്രഖ്യാപിച്ചത്. കാനഡയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തെ വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും സംരക്ഷണം നൽകുകയാണ് ലക്ഷ്യമെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി.

താരിഫ് ബാധിച്ച ബിസിനസുകൾക്കും തൊഴിലാളികൾക്കുമായി 7.5 ബില്യൺ ഡോളറിന്റെ അധിക സഹായ പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ബിസിനസുകൾക്ക് ലിക്വിഡിറ്റി സഹായം, തൊഴിലാളികൾക്ക് വരുമാന പിന്തുണ, പരിശീലന പദ്ധതികൾ, പുതിയ തൊഴിലവസരങ്ങളിലേക്ക് മാറുന്നതിനുള്ള സഹായം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വ്യാപാര സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, അമേരിക്കൻ വിപണിയെ മാത്രം ആശ്രയിക്കുന്നതിൽ നിന്ന് മാറി കയറ്റുമതി വിപണികൾ വൈവിധ്യവത്കരിക്കാനുള്ള നടപടികൾക്കും കാനഡ പ്രാധാന്യം നൽകുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!