ടൊറന്റോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലേക്ക് ഒന്റാരിയോയുടെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി മാറ്റാനുള്ള ഉത്തരവിൽ ഒപ്പുവച്ചതിന് പിന്നാലെ കാനഡ-അമേരിക്ക ബന്ധത്തിൽ പുതിയ വിവാദം. എന്നാൽ പേരുമാറ്റത്തെക്കാൾ ഗുരുതരമായത് ഗ്രേറ്റ് ലേക്‌സിനെ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളാണെന്ന് ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു.
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല ശേഖരങ്ങളിലൊന്നായ ഗ്രേറ്റ് ലേക്‌സ് കാനഡയിലെയും അമേരിക്കയിലെയും ഏകദേശം നാല് കോടി ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിർത്തികൾ പങ്കിടുന്ന ഈ ജലസ്രോതസ്സിന്റെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും ഇരു രാജ്യങ്ങളുടെയും സഹകരണം അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കൻ ഭരണകൂടം ശാസ്ത്ര ഗവേഷണ മേഖലയിലെ ഫണ്ടിങ്ങിൽ വൻ വെട്ടിക്കുറവുകൾ വരുത്തിയതും ആശങ്ക ഉയർത്തുന്നുണ്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA), എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (EPA) തുടങ്ങിയ സ്ഥാപനങ്ങളിലെ ഫണ്ടിങ്ങിൽ വെട്ടിക്കുറവുകൾ വരുത്തിയത് ഗ്രേറ്റ് ലേക്‌സിലെ നിരീക്ഷണ-ഗവേഷണ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.
ഗ്രേറ്റ് ലേക്‌സിലെ ജലത്തിന് രാഷ്ട്രീയ അതിർത്തികൾ ബാധകമല്ലെന്നും ജലസ്രോതസ്സിനെ ഒരു ഏകീകൃത ജലവ്യൂഹമായി കണ്ട് സംരക്ഷിക്കണമെന്നും വിദഗ്ധർ പറയുന്നു. കാനഡയും അമേരിക്കയും തമ്മിലുള്ള സഹകരണം കുറയുന്നത് ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, ഗ്രേറ്റ് ലേക്‌സ് പുനരുദ്ധാരണ പദ്ധതിക്ക് അമേരിക്കയിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ പിന്തുണ തുടരുകയാണ്. വ്യാവസായിക മലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതി പുനരുദ്ധരിക്കുന്നതിനുമായി നടപ്പാക്കുന്ന ഗ്രേറ്റ് ലേക്‌സ് റെസ്റ്ററേഷൻ ഇനിഷ്യേറ്റീവിന് 2031 വരെ പ്രതിവർഷം ഏകദേശം 500 മില്യൺ യുഎസ് ഡോളർ ഫെഡറൽ ഫണ്ടിങ് നൽകുന്ന പദ്ധതി യുഎസ് ജനപ്രതിനിധിസഭ അംഗീകരിച്ചിട്ടുണ്ട്. സെനറ്റിന്റെ പരിഗണനയിലാണ് പദ്ധതി.

കാലാവസ്ഥാ വ്യതിയാനവും ഗ്രേറ്റ് ലേക്‌സിന് പുതിയ ഭീഷണികൾ സൃഷ്ടിക്കുന്നുണ്ട്. കടുത്ത ചൂട്, വരൾച്ച, ശക്തമായ മഴ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങൾ ജലപ്രവാഹത്തെ ബാധിക്കുന്നതായി ഗവേഷകർ പറയുന്നു. ഭാവിയിൽ ഡാറ്റാ സെന്ററുകൾ, വൈദ്യുതി ഉൽപ്പാദനം, കൃഷി തുടങ്ങിയ മേഖലകളിൽ ജലാവശ്യകത ഉയരുന്നതും സമ്മർദം വർധിപ്പിച്ചേക്കും.
അമേരിക്കയിലെ ജലക്ഷാമ മേഖലകളിൽ നിന്ന് കൂടുതൽ ആളുകൾ ഗ്രേറ്റ് ലേക്‌സ് മേഖലയിലേക്ക് കുടിയേറാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൃഷിയും വ്യവസായവും വ്യാപിക്കുന്നതോടെ ഗ്രേറ്റ് ലേക്‌സിലെ ജലത്തിന് പുറത്തുനിന്നുള്ള ആവശ്യം വരും ദശകങ്ങളിൽ വർധിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ട്രംപിന്റെ പേരുമാറ്റ നീക്കം രാഷ്ട്രീയ വിവാദമായി തുടരുന്നതിനിടയിലും ഗ്രേറ്റ് ലേക്‌സിന്റെ സംരക്ഷണത്തിന് കാനഡയും അമേരിക്കയും തമ്മിലുള്ള ശാസ്ത്രീയവും പാരിസ്ഥിതികവുമായ സഹകരണം ശക്തിപ്പെടുത്തണമെന്ന ആവശ്യം കൂടുതൽ ശക്തമാകുകയാണ്.
