കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ തടാകം തകർന്നതിനെ തുടർന്ന് വീണ്ടും പ്രളയസാധ്യത. അപകടസാധ്യത കണക്കിലെടുത്ത് ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സുരക്ഷാസേനാംഗങ്ങളും രക്ഷാപ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് നേപ്പാൾ പൊലീസ് നിർദേശം നൽകി. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ അഭ്യർഥിച്ചു.
രണ്ട് ദിവസം മുൻപ് നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ 469 പേർ മരിച്ചിരുന്നു. നേപ്പാളിലും ടിബറ്റിലുമായി 1,500-ലധികം പേരെ കാണാതായതായാണ് റിപ്പോർട്ട്. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് പ്രദേശം കരകയറുന്നതിനിടെയാണ് പുതിയ ആശങ്കയായി തടാകം തകർന്നത്.

തടാകത്തിൽ നിന്നുള്ള വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയാൽ വീണ്ടും പ്രളയത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് രക്ഷാപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയത്. ആയിരക്കണക്കിന് സുരക്ഷാസേനാംഗങ്ങളും രക്ഷാപ്രവർത്തകരുമാണ് നിലവിൽ ദുരന്തബാധിത മേഖലകളിൽ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും നടത്തുന്നത്.
അതിനിടെ, ഭോട്ടെ കോശി നദിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യത പരിശോധിക്കാൻ നേപ്പാൾ സൈന്യം പ്രത്യേക സംഘത്തെ അയച്ചതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.പുതിയ സാഹചര്യത്തിൽ ദുരന്തബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെയാണ് തുടരുന്നത്.
