ടി20 ലോകകപ്പ് 2026 ലെ വിജയത്തിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസൺ നൽകിയ ആത്മവിശ്വാസത്തെയും പിന്തുണയെയും കുറിച്ച് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്.

ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോകകപ്പ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഞ്ജുവുമായി നടത്തിയ സംഭാഷണം സൂര്യകുമാർ വെളിപ്പെടുത്തിയത്. ന്യൂസിലൻഡ് പരമ്പരയിൽ സഞ്ജുവിന് ഫോം നഷ്ടപ്പെടുകയും ഇഷാൻ കിഷൻ മികച്ച ഫോമിലാവുകയും ചെയ്തപ്പോൾ, ടീം ബസിൽ വെച്ച് സഞ്ജുവിനോട് ടീമിലെ അവന്റെ സ്ഥാനം ബുദ്ധിമുട്ടാണെന്ന് താൻ തുറന്നുപറഞ്ഞിരുന്നുവെന്നും എന്നാൽ മറുപടി അത്ഭുതപ്പെടുത്തിയെന്നും സൂര്യ പറഞ്ഞു.
ടീം ലോകകപ്പ് ജയിക്കാൻ നിങ്ങൾക്ക് ഉചിതമെന്ന് തോന്നുന്ന ഏത് തീരുമാനവും എടുത്തോളൂ, ടീമിന് എപ്പോൾ ആവശ്യമുണ്ടെങ്കിലും ഞാൻ ഉണ്ടാകും, ഞാൻ കളിക്കാൻ പോകുന്നു എന്ന രീതിയിൽ തന്നെ പരിശീലനം തുടരും എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. സ്വന്തം സ്ഥാനത്തെക്കുറിച്ച് സ്വാർത്ഥതയില്ലാതെ ചിന്തിക്കുന്ന ഇത്തരം നല്ല മനുഷ്യർ ഇപ്പോഴുമുണ്ടെന്നത് തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും അതോടെ സഞ്ജുവിനോടുള്ള ബഹുമാനം ഇരട്ടിയായെന്നും സൂര്യകുമാർ വ്യക്തമാക്കി.
സൂര്യകുമാർ പറഞ്ഞ പോലെ 2026 ടി20 ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നെങ്കിലും ടൂർണമെന്റിന്റെ നിർണായക ഘട്ടത്തിൽ ടീമിലെത്തിയ സഞ്ജു മൂന്ന് നോക്കൗട്ട് മത്സരങ്ങളിലും ചരിത്രപരമായ മാച്ച് വിന്നിംഗ് ഇന്നിംഗ്സുകൾ പുറത്തെടുത്ത് ഇന്ത്യയെ മൂന്നാം ലോകകിരീടത്തിലേക്ക് നയിക്കുകയായിരുന്നു. വെറും 5 ഇന്നിംഗ്സുകളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടി ടൂർണമെന്റിലെ താരമായും സഞ്ജു മാറി.
