Monday, August 31, 2026

ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ ക്ഷണിച്ച് മോദി; പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ

ബിഷ്കെക്ക്: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ഇരുവരുടെയും ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്.

പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികൾ, സമാധാന ശ്രമങ്ങൾ, സാധാരണക്കാരുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. സംഘർഷത്തിൽ ഉൾപ്പെട്ട വിവിധ കക്ഷികളുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്നും ഈ സ്വാധീനം സമാധാന ശ്രമങ്ങൾക്ക് ഉപയോഗിക്കണമെന്നും പെസഷ്കിയൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംഘർഷത്തിൽ സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മോദി വ്യക്തമാക്കി. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ചാബഹാറും ഹോർമുസും ചർച്ചയിൽ

ഇന്ത്യ-ഇറാൻ ബന്ധത്തിലെ പ്രധാന വിഷയങ്ങളായ ചാബഹാർ തുറമുഖവും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും കൂടിക്കാഴ്ചയിൽ ചർച്ചയായി. സാധാരണക്കാർക്കും ചരക്ക് കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്നും സമുദ്രഗതാഗത സ്വാതന്ത്ര്യവും വ്യാപാരവും സുരക്ഷിതമാക്കണമെന്നും മോദി വ്യക്തമാക്കി.

ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കുന്നതിനും ഇന്ത്യ തയ്യാറാണെന്ന് മോദി പറഞ്ഞു. SCO, BRICS തുടങ്ങിയ ബഹുരാഷ്ട്ര വേദികളിൽ ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന BRICS ഉച്ചകോടിയിലേക്ക് പ്രസിഡന്റ് പെസഷ്കിയനെ മോദി ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.

അതിനിടെ, അർമേനിയൻ പ്രധാനമന്ത്രി നികോൾ പഷിന്യാനുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിന്ന് ഇറാനിലെ വിദ്യാർഥികളെ തിരിച്ചെത്തിക്കുന്നതിന് നൽകിയ സഹായത്തിന് മോദി നന്ദി അറിയിച്ചു. പഷിന്യാൻ മോദിയെ അർമേനിയ സന്ദർശിക്കാനും ക്ഷണിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള മോദിയുടെ കൂടിക്കാഴ്ച സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. മോദിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടിയിൽ ഷിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടുത്തിയിട്ടില്ല.

ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം ഇന്നലെ വൈകിട്ടാണ് മോദി ബിഷ്കെക്കിലെത്തിയത്. SCO ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന അത്താഴ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!