ടൊറന്റോ: വിന്‍ഡ്സറിനും ടൊറന്റോയ്ക്കും ഇടയില്‍ ഹൈവേ 401-ലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി വേഗം കൂടും. ഹൈവേ 401-ലെ ടില്‍ബറി മുതല്‍ ടൊറന്റോ വരെയുള്ള ഭാഗങ്ങളില്‍ പരമാവധി വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 110 കിലോമീറ്ററായി ഒന്റാരിയോ പ്രവിശ്യാ ഭരണകൂടം ഉയര്‍ത്തി. പുതുക്കിയ വേഗപരിധി പ്രാബല്യത്തില്‍ വന്നു.
പ്രവിശ്യയിലെ ഹൈവേ ശൃംഖലയില്‍ വേഗപരിധി ഘട്ടങ്ങളായി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ചരക്കുവാഹനങ്ങള്‍ക്കും പുതിയ മാറ്റം വലിയ ആശ്വാസമാകുമെന്ന് ഡ്രൈവര്‍മാര്‍ പ്രതികരിച്ചു. എന്നാല്‍ വേഗപരിധി ഉയര്‍ത്തിയത് അമിതവേഗതയിലോ അശ്രദ്ധമായോ വാഹനം ഓടിക്കാനുള്ള അനുമതിയല്ലെന്നും, റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ പരിശോധനകള്‍ തുടരുമെന്നും ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ് മുന്നറിയിപ്പ് നല്കി.

2026 സെപ്റ്റംബര്‍ അവസാനത്തോടെ ഈ പദ്ധതിയുടെ അവസാന ഘട്ടം പൂര്‍ത്തിയാകും. ഇതോടെ ഒന്റാരിയോയിലെ മൊത്തം ഹൈവേ ശൃംഖലയുടെ 89 ശതമാനവും (938 കിലോമീറ്റര്‍) 110 കി.മീ/മണിക്കൂര്‍ വേഗപരിധിയിലേക്ക് മാറും.
