ഓട്ടവ: കാനഡയിലെ ക്രൈം സ്റ്റോപ്പേഴ്സിന്റെ (Crime Stoppers) ഡാറ്റാബേസില്‍ നിന്ന് ദശലക്ഷക്കണക്കിന് രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടും, അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് കനേഡിയന്‍ സ്വകാര്യതാ അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. രാജ്യത്തെ സ്വകാര്യതാ നിയമങ്ങളിലെ ഗുരുതരമായ വിടവാണ് ഇതിന് പ്രധാന കാരണം.
അജ്ഞാത സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ക്രൈം സ്റ്റോപ്പേഴ്സ് ചുമതലപ്പെടുത്തിയ യു.എസ് ആസ്ഥാനമായുള്ള ‘നാവിഗേറ്റ്360’ (Navigate360) എന്ന കമ്പനിയില്‍ നിന്നാണ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ കാനഡയിലെ ഓഫീസ് ഓഫ് ദി പ്രൈവസി കമ്മീഷണര്‍ക്കും (OPC) ഒന്റാരിയോ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രൈവസി കമ്മീഷണര്‍ക്കും (IPC) ക്രൈം സ്റ്റോപ്പേഴ്സിനെതിരെ അന്വേഷണം നടത്താന്‍ ഭരണഘടനാപരമായ അധികാരമില്ല. ഫെഡറല്‍ സ്വകാര്യതാ നിയമം വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന സംഘടനകള്‍ക്ക് മാത്രമേ ബാധകമാകൂ എന്ന് ഫെഡറല്‍ കമ്മീഷണര്‍ വ്യക്തമാക്കി.

നോണ്‍-പ്രൊഫിറ്റ് സംഘടനയായതിനാല്‍ ക്രൈം സ്റ്റോപ്പേഴ്സ് നിലവിലെ നിയമ പരിധിയില്‍ വരില്ലെന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യതാ വീഴ്ചകള്‍ മാത്രം പരിശോധിക്കുന്ന ഒന്റാരിയോ വാച്ച്ഡോഗും വ്യക്തമാക്കി. നോണ്‍-പ്രൊഫിറ്റ് മേഖലയെക്കൂടി ഉള്‍പ്പെടുത്തി പ്രൊവിന്‍ഷ്യല്‍ സ്വകാര്യതാ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ഒന്റാരിയോ പ്രൈവസി കമ്മീഷണര്‍ 2021-ല്‍ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. സംഭവം പുറത്തുവന്നതോടെ തങ്ങളുടെ പ്രാദേശിക ചാപ്റ്ററുകളോട് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും സ്വകാര്യതാ കമ്മീഷണര്‍മാരെ ബന്ധപ്പെടേണ്ടതില്ലെന്നും ആന്തരിക മെമ്മോ വഴി ക്രൈം സ്റ്റോപ്പേഴ്സ് നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, വിവരങ്ങള്‍ ചോര്‍ന്ന പശ്ചാത്തലത്തില്‍ കുറഞ്ഞത് ഏഴോളം ക്രൈം സ്റ്റോപ്പേഴ്സ് ചാപ്റ്ററുകള്‍ തങ്ങളുടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സന്ദേശമയക്കുന്നവരുടെ രഹസ്യാത്മകത ഉറപ്പുനല്‍കി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായതിനാല്‍, ഈ സുരക്ഷാ വീഴ്ചയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് വ്യക്തിപരവും നിയമപരവുമായ ബാധ്യത നേരിടേണ്ടി വന്നേക്കാമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിവരച്ചോര്‍ച്ച ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യാതെ സൂക്ഷിച്ച നടപടി ഞെട്ടിക്കുന്നതാണെന്നും മുന്‍ ഒന്റാരിയോ പ്രൈവസി കമ്മീഷണര്‍ ആന്‍ കവൂകിയന് പ്രതികരിച്ചു. വിവരച്ചോര്‍ച്ചയില്‍ വ്യക്തത വരുത്താനും വിവരങ്ങള്‍ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ‘നാവിഗേറ്റ്360’ കമ്പനിയുമായി ഫെഡറല്‍ കമ്മീഷണര്‍ ബന്ധപ്പെട്ടിട്ടുണ്ട്.
