ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ വിദഗ്ധ സമിതി. കേരളത്തിന്റെ പ്രതിനിധികൾ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ഇക്കാര്യത്തിൽ അനുകൂല സമീപനം ഉണ്ടായത്.
ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ മൂന്ന് ദിവസമായി പരിശോധന നടത്തുന്നത്. സമഗ്രമായ സാങ്കേതിക പരിശോധന നടത്താതെ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ കേരളം ആശങ്ക അറിയിച്ചിരുന്നു. പരിശോധനയിൽ ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും കേരളം മുന്നറിയിപ്പ് നൽകിയിരുന്നു.
അണക്കെട്ടിന്റെ പ്രളയസുരക്ഷ, ഘടനാപരമായ സ്ഥിതി, ഭൂകമ്പ സാധ്യത, സീപേജ് തുടങ്ങിയ നിർണായക വിഷയങ്ങളിൽ കൃത്യമായ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. കേവലം ഒരു ദിവസത്തെ നേരിട്ടുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ റിപ്പോർട്ട് തയ്യാറാക്കുന്നത് ഉചിതമല്ലെന്നും കേരള പ്രതിനിധികൾ സമിതിയെ അറിയിച്ചു.

സന്ദർശനത്തിന്റെ മൂന്നാം ദിവസമായ ഇന്നും വിദഗ്ധ സമിതി തേക്കടിയിൽ തുടരുകയാണ്. ഇന്ന് തയ്യാറാക്കുന്ന പ്രാഥമിക റിപ്പോർട്ടിൽ കേരളം ഉന്നയിച്ച ആവശ്യങ്ങളും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടർന്ന് ഡൽഹിയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ പരിശോധനാ വിവരങ്ങളും കേരളത്തിന്റെ ആവശ്യങ്ങളും വിശദമായി പരിഗണിച്ച ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് വിദഗ്ധ സമിതിയുടെ പരിശോധനയും പുതിയ നീക്കവും.
