ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് വ്യാജ ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 31-ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എയര്‍ ഇന്ത്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് ലഭിച്ച ടിഷ്യൂ പേപ്പറിലാണ് ‘വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ട്’ എന്ന് എഴുതിയ സന്ദേശം ക്യാബിന് ക്രൂ കണ്ടെത്തിയത്. വിവരം ഉടനടി ഡല്‍ഹി എയര്‍ ട്രാഫിക് കണ്ട്രോളില് അറിയിക്കുകയും തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനം ഉടന്‍ തന്നെ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി. സി.ഐ.എസ്.എഫ്, ബോംബ് ഡിസ്പോസല്‍ സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവര്‍ ചേര്‍ന്ന് യാത്രക്കാരെയും ലഗേജുകളും വിമാനവും വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
