ടൊറന്റോ: എയര്‍ കാനഡ എക്സ്പ്രസ് സര്‍വീസുകള്‍ നടത്തുന്ന ജാസ് ഏവിയേഷനിലെ (Jazz Aviation) ആയിരത്തിലധികം ഫ്ലൈറ്റ് അറ്റന്‍ഡന്റുമാര്‍ പണിമുടക്കിലേക്ക്. കാനഡിയന്‍ ഫ്ലൈറ്റ് അറ്റന്‍ഡന്റ് യൂണിയന് നടത്തിയ വോട്ടെടുപ്പില്‍ 99 ശതമാനം അംഗങ്ങളും സമരാനുകൂല നിലപാടാണ് സ്വീകരിച്ചത്. ന്യായമായ വേതന വര്‍ധനയും മറ്റ് തൊഴില്‍ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് മാനേജ്മെന്റുമായി മാസങ്ങളായി നടത്തിവന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ ജാസ് ഏവിയേഷനിലെ ജീവനക്കാരുടെ കരാര്‍ കാലാവധി അവസാനിച്ചിരിക്കുകയാണ്. ജീവനക്കാര്‍ ചെയ്യുന്ന ജോലിക്ക് അനുസൃതമായ വേതനം ഉറപ്പാക്കണമെന്നാണ് യൂണിയന് ആവശ്യപ്പെടുന്നതെന്ന് പ്രെസിഡന്റ് മാര്‍ഷാ വാള്‍ട്ടേഴ്സ് വ്യക്തമാക്കി. ഹാലിഫാക്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോറസ് ഏവിയേഷന്റെ (Chorus Aviation) ഉടമസ്ഥതയിലുള്ളതാണ് ജാസ് ഏവിയേഷന്‍. പണിമുടക്ക് തീരുമാനത്തോട് മാനേജ്മെന്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
