ഓട്ടവ: സ്കൂള്‍ പരിസരങ്ങളിലെ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കുന്നതിനായി പ്രവേശനസമയങ്ങളില് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന ‘സ്കൂള്‍ സ്ട്രീറ്റ്’ (School Street) പദ്ധതി വിപുലീകരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരില്‍ നടത്തവും സൈക്ലിങ്ങും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയുടെ (Public Health Agency of Canada) സാമ്പത്തിക സഹായത്തോടെ ‘ഗ്രീന്‍ കമ്മ്യൂണിറ്റീസ് കാനഡ’ എന്ന പരിസ്ഥിതി സംഘടനയാണ് ഈ കാര്‍ രഹിത മുന്‍കൈയ്ക്ക് നേതൃത്വം നല്‍കുന്നത്.
സ്കൂളുകള്‍ ആരംഭിക്കുന്ന സമയത്തും അവസാനിക്കുന്ന സമയത്തും മുന്പിലെ റോഡുകളില്‍ താത്കാലിക ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹനപ്രവേശനം പൂര്‍ണ്ണമായും തടയുന്നതാണ് പദ്ധതിയുടെ രീതി. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് അപകടഭയമില്ലാതെ നടക്കാനും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധിക്കുന്നു. ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട, മാനിറ്റോബ, ഒന്റാരിയോ, കെബെക്ക്, നോവസ്കോഷ തുടങ്ങിയ പ്രവിശ്യകളിലെ വിവിധ സ്കൂളുകളില്‍ ഈ പദ്ധതി വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. 2026-2027 അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 20 സ്കൂളുകളില്‍ കൂടി ഇത് നടപ്പിലാക്കാനാണ് തീരുമാനം.

അതേസമയം, പദ്ധതി സ്ഥിരമായി നടപ്പിലാക്കുന്നതില്‍ ചില പ്രായോഗിക വെല്ലുവിളികളും നേരിടുന്നുണ്ട്. യാത്രാസൗകര്യങ്ങളെ ബാധിക്കുന്നു എന്ന കാരണത്താല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളും ഹര്‍ജികളും ഉയര്‍ന്നിട്ടുണ്ട്. ദിനംപ്രതി ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള സന്നദ്ധപ്രവര്‍ത്തകരുടെ (Volunteers) കുറവും വെല്ലുവിളിയാണ്. എങ്കിലും കുട്ടികളുടെ ആരോഗ്യം, റോഡ് സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ മുന്‍നിര്‍ത്തി പദ്ധതി ഏറെ പ്രയോജനകരമാണെന്നാണ് വിലയിരുത്തല്‍.
