കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസില്‍ അറസ്റ്റിലായ ചെങ്ങന്നൂര്‍ സ്വദേശി സനീഷ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി പോലീസിന്റെ കണ്ടെത്തല്‍. പ്രധാന പ്രതിയായ ശ്രീഹരി ടെലഗ്രാം ഗ്രൂപ്പില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സനീഷ് പണം തട്ടിയത്. പണം സ്വീകരിക്കാന്‍ വ്യക്തികള്‍ക്ക് ഇയാള്‍ ക്യുആര്‍ കോഡ് (QR Code) അയച്ചു നല്‍കിയതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സനീഷും ശ്രീഹരിയും തമ്മില്‍ നേരിട്ട് പരിചയമില്ല. ടെലഗ്രാമിന്റെ കടുത്ത സുരക്ഷാ സംവിധാനങ്ങള്‍ കാരണം പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് പ്രതികള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അന്വേഷണത്തില്‍ മോര്‍ഫിങ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതില്‍ ഭൂരിഭാഗവും 18-നും 21-നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ പിടിയിലായ ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയായ സനീഷിനെ പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിലെടുത്തത്. അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ച ടെലഗ്രാം ഗ്രൂപ്പിലെ സജീവ അംഗമായ ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ കോളേജ് വിദ്യാര്‍ത്ഥികളടക്കം അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീഹരിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.

അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ നിലവില്‍ രണ്ട് ടെലഗ്രാം ഗ്രൂപ്പുകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ക്ലാസ് മുറികളില്‍ അധ്യാപകര്‍ പഠിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ടെലഗ്രാം ചാറ്റുകളിലേക്ക് അയച്ചു നല്‍കുകയും, തുടര്‍ന്ന് അവിടെ നിന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ തിരികെ വാങ്ങുകയുമായിരുന്നു പ്രതികളുടെ രീതി. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂടുതല്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.
