ബ്രാംപ്ടണ്‍: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ
പ്രഥമ വാര്‍ഷിക യൂത്ത് & ഫാമിലി കോണ്‍ഫറന്‍സ് 2026 നവംബര്‍ 27, 28, 29 തീയതികളില്‍ നടക്കും. കാനഡ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ബ്രാംപ്ടണ്‍ കോര്‍ട്ടിയാര്‍ഡ് മാരിയറ്റില്‍ വെച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സഭയിലെ യുവതലമുറയെയും കുടുംബങ്ങളെയും വിശ്വാസത്തിലും ആത്മീയതയിലും ഒന്നിപ്പിക്കുന്നതിനും, പരസ്പര കൂട്ടായ്മ വര്‍ധിപ്പിക്കുന്നതിനുമായാണ് ഈ പ്രഥമ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
നോര്‍ത്ത് അമേരിക്ക അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ യെല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സഭാ സെക്രട്ടറി ജേക്കബ് സി. മാത്യുവിനെ അഭിവന്ദ്യ തിരുമേനി പൊന്നാട അണിയിച്ച് ആദരിക്കുകയും, കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക ലോഗോ നല്കി പ്രകാശനം നിര്‍വ്വഹിക്കുകയും ചെയ്തു. പ്രസ് ക്ലബ് അംഗം വിജോ കെ. തുടിയന്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കാനഡ റീജനല്‍ അഡ്മിനിസ്ട്രേറ്റര്‍ റവ. ഫാ. എബി മാത്യു, ട്രഷറര്‍ ജെനു മഠത്തില്‍, കൗണ്‍സില്‍ അംഗം അജോയ് ജോണ്‍, സണ്‍ഡേ സ്കൂള്‍ നാഷണല്‍ ഡയറക്ടര്‍ മീന ജോയി, വനിതാ സമാജം റീജിയണ്‍ കോര്‍ഡിനേറ്റര്‍ സൗമ്യ എബി എന്നിവര്‍ പങ്കെടുത്തു. വിവിധ ഇടവക ഭാരവാഹികളും സാംസ്കാരിക നേതാക്കളും മാധ്യമപ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സമ്മേളനത്തിന്റെ ഭാഗമായി നവംബര്‍ 27, 28 (വെള്ളി, ശനി) ദിവസങ്ങളില്‍ വൈകുന്നേരം 7 മണി മുതല്‍ പ്രമുഖ കലാകാരന്മാരെയും വിവിധ ഇടവകകളിലെ അംഗങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള സ്റ്റേജ് ഷോയും സാംസ്കാരിക പരിപാടികളും അരങ്ങേറും. പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ട്രഷറര്‍ ജെനു മഠത്തില്‍ അറിയിച്ചു.
