എഡ്മിൻ്റൺ : ആൽബട്ടയിലെ വിഘടനവാദ പ്രസ്ഥാനത്തിലെ പ്രമുഖനായ അഭിഭാഷകൻ ജെഫ്രി റാത്തിനെതിരെ 100 മില്യൺ ഡോളറിലധികം വരുന്ന കടബാധ്യത സംബന്ധിച്ച് നിയമനടപടി. അമേരിക്കൻ ലിറ്റിഗേഷൻ ഫണ്ടിംഗ് സ്ഥാപനമായ ഡിറിബ ഇൻവെസ്റ്റ്മെന്റ്സ് എൽ.എൽ.സി ആണ് റാത്തും അദ്ദേഹത്തിന്റെ പ്രൊഫഷണൽ കോർപ്പറേഷനും വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി ആരോപിച്ച് കോടതിയെ സമീപിച്ചത്.

കേസുമായി ബന്ധപ്പെട്ട് റാത്തിന്റെ ആസ്തികൾ മരവിപ്പിക്കുന്നതിനുള്ള കോടതി ഉത്തരവ് ഒരു മാസത്തേക്ക് കൂടി നീട്ടിയതായാണ് റിപ്പോർട്ട്. ഫസ്റ്റ് നേഷൻസ് ട്രീറ്റി സെറ്റിൽമെന്റുമായി ബന്ധപ്പെട്ട ഫണ്ടിന്റെ നിയമപരമായ തർക്കമാണ് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് വിവരം.

ആൽബർട്ടയുടെ രാഷ്ട്രീയ രംഗത്ത് വിഘടനവാദ ചർച്ചകൾ സജീവമായിരിക്കെയാണ് റാത്തിനെതിരായ സാമ്പത്തിക നിയമനടപടി ശ്രദ്ധ നേടുന്നത്. കേസിന്റെ തുടർ നടപടികൾ അദ്ദേഹത്തിന്റെ സാമ്പത്തിക നിലയെയും പൊതുപ്രവർത്തനങ്ങളെയും എങ്ങനെ ബാധിക്കുമെന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.

