ബ്രിട്ടിഷ് കൊളംബിയ: വാടകക്കാരനുമായി വഴക്കിട്ട ഇന്ത്യന്‍ വംശജയായ വീട്ടുടമസ്ഥ ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ അറസ്റ്റിലായി. വാടകക്കാരന് ബാര്‍ബിക്യൂവില്‍ പാകം ചെയ്തിരുന്ന ബീഫ് നീക്കം ചെയ്യാന്‍ ശ്രമിച്ചതിനും പ്രകോപിതയായി പെരുമാറിയതിനുമാണ് അറസ്റ്റ്. വാടകക്കാരന് ഫോണില്‍ ചിത്രീകരിച്ച വീഡിയോ വൈറലായതിന് പിന്നാലെയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
‘ടിവാന ഫാം സര്‍വൈവര്‍’ (Tiwana Farm Survivor) എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് 50 വയസ്സുകാരനായ വാടകക്കാരന് വീട്ടുടമയുടെ അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഗാര്‍ഡനില്‍ വെച്ച് വാടകക്കാരന് സുഹൃത്തിനൊപ്പം ബാര്‍ബിക്യു ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് തുടക്കം. ചുമരില്‍ പുകയടിച്ച് കറയാകുമെന്ന് ആരോപിച്ച് സ്ത്രീ ഇരുവരുമായും തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഗ്രില്ലിലിരുന്ന ഭക്ഷണം കൈയിലുണ്ടായിരുന്ന മരക്കഷണം ഉപയോഗിച്ച് തട്ടി താഴെയിടുകയും ചെയ്തു. എന്നാല്‍, തനിക്ക് 50 വയസ്സായെന്നും എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനും സുഹൃത്തിനെ വീട്ടില്‍ വിളിക്കാനും തനിക്ക് അവകാശമുണ്ടെന്നും യുവാവ് വ്യക്തമാക്കുകയായിരുന്നു.

പിന്നീട് പങ്കുവെച്ച വീഡിയോകളില്‍ സ്ത്രീ വാടകക്കാരന്റെ വീട്ടില്‍ അനാവശ്യമായി അതിക്രമിച്ചു കയറുന്നതും, കല്ലെറിയുന്നതും, വാടകക്കാരനെയും സുഹൃത്തിനെയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഓഗസ്റ്റ് 15 വരെയുള്ള വാടക കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ വാടകക്കാരന്, സ്ത്രീ അനുവാദമില്ലാതെ വീടിന്റെ പൂട്ട് മാറ്റിയതായും ആരോപിച്ചു. ഒടുവില്‍ വാടകക്കാരന്റെ വീടിന്റെ പ്രധാന വാതില്‍ പൂര്‍ണ്ണമായും അഴിച്ചുമാറ്റിയതോടെയാണ് പോലീസ് ഇടപെട്ടത്.
സ്ഥലത്തെത്തിയ പോലീസ് സംഘം സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ‘നിങ്ങള്‍ അറസ്റ്റിലാണ്, തര്‍ക്കിക്കരുത്’ എന്ന് പോലീസ് പറയുമ്പോള്‍ മകളെയൊന്ന് വിളിച്ചോട്ടെ എന്ന് സ്ത്രീ ചോദിക്കുന്നുണ്ടെങ്കിലും, കൈകളില്‍ വിലങ്ങ് അണിയിച്ച് പോലീസ് അവരെ വാനിലേക്ക് മാറ്റുകയായിരുന്നു. വാടകക്കാരന് പങ്കുവെച്ച വീഡിയോകള്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും, തര്‍ക്കത്തിന്റെ പൂര്‍ണ്ണമായ പശ്ചാത്തലം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
