Saturday, September 12, 2026

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം: കോഴിക്കോട് നാളെ വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ കോഴിക്കോട് സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലും പരിസരപ്രദേശങ്ങളിലും വൻ സുരക്ഷാ ക്രമീകരണങ്ങൾ. ഞായറാഴ്ച വൈകിട്ട് 6.30ന് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാത്രി വരെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

കരിപ്പൂരിലെത്തിയ ശേഷം വൈകിട്ട് 7.30ഓടെ മർകസിലെത്തുന്ന അൻവർ ഇബ്രാഹിം രാത്രി 9.30 വരെ അവിടെ തുടരും. ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘എക്സലൻസ് അവാർഡ്’ ചടങ്ങിൽ മലേഷ്യൻ പ്രധാനമന്ത്രിക്ക് സമ്മാനിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ് പുരസ്കാരം നൽകുക.

തുടർന്ന് മലേഷ്യൻ പ്രധാനമന്ത്രി മടവൂർ സി.എം. മഖാമിലെത്തും. ഇവിടെ ഏകദേശം 20 മിനിറ്റ് ചെലവഴിച്ച ശേഷം രാത്രി 10 മണിയോടെ താമസസ്ഥലത്തേക്ക് മടങ്ങും.

കനത്ത സുരക്ഷാ സന്നാഹം

ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഏർപ്പെടുത്തുന്ന സുരക്ഷയ്ക്ക് സമാനമായ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തിനായി ഒരുക്കുന്നത്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്റലിജൻസ് എ.ഡി.ജി.പി. ദിനേന്ദ്ര കശ്യപ് വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

കോഴിക്കോട് നഗരത്തിലും മലപ്പുറം ജില്ലയിലുമുള്ള ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പ്രത്യേക സുരക്ഷാ പരിശോധനയും നടത്തും. വെള്ളിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാത്രി വരെയാണ് പരിശോധനകൾ തുടരുക.

നഗരത്തിലും സന്ദർശന പാതകളിലും പരിസരപ്രദേശങ്ങളിലും വാഹന പരിശോധന ശക്തമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ യാത്ര സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിവിധ ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തും.

സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ പ്രധാന റോഡുകളിലും പ്രധാനമന്ത്രി കടന്നുപോകുന്ന പ്രദേശങ്ങളിലും പൊലീസ് സാന്നിധ്യം വർധിപ്പിക്കും. പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!