നോവസ്കോഷ: ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി കാനഡയിലെ നോവസ്കോഷയിലുള്ള ന്യൂ ഗ്ലാസ്ഗോയിലെ മാര്‍ഷ് സ്ട്രീറ്റില്‍ തപാല്‍ വിതരണം കാനഡ പോസ്റ്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഓഗസ്റ്റ് 28 മുതല്‍ പ്രാബല്യത്തില്‍ വന്ന തീരുമാനം വ്യക്തമാക്കി പ്രദേശവാസികള്‍ക്ക് കാനഡ പോസ്റ്റ് കത്ത് നല്‍കിയിട്ടുണ്ട്.
തെരുവില്‍ പ്രവര്‍ത്തിക്കുന്ന ‘നോര്‍ത്ത്സ്റ്റാര്‍’ (Northstar) എന്ന ഭവനരഹിതര്‍ക്കുള്ള അഭയകേന്ദ്രവും (homeless shelter) ഈ തീരുമാനത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. അതേസമയം, വീടില്ലാത്ത ഒരു വ്യക്തിയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നമാണ് വിതരണം നിര്‍ത്താന്‍ കാരണമെന്ന് കാനഡ പോസ്റ്റ് അറിയിച്ചിട്ടുണ്ടെങ്കിലും, ഈ വ്യക്തിക്ക് തങ്ങളുടെ സ്ഥാപനവുമായോ വസ്തുവുമായോ യാതൊരു ബന്ധവുമില്ലെന്ന് നോര്‍ത്ത്സ്റ്റാര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലിസ ഡി യങ് വ്യക്തമാക്കി. അഭയകേന്ദ്രത്തെയോ അവിടെയെത്തുന്നവരെയോ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കമ്മ്യൂണിറ്റിയിലെ പൊതുപ്രശ്നങ്ങള്‍ക്ക് അഭയകേന്ദ്രത്തെ പഴിചാരുന്നത് രോഗങ്ങള്‍ക്ക് ആശുപത്രിയെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഉദ്ദേശിച്ചല്ലെങ്കിലും ഷെല്‍ട്ടറിന്റെ സാന്നിധ്യം പ്രദേശത്ത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ന്യൂ ഗ്ലാസ്ഗോ മേയര്‍ നാന്‍സി ഡിക്സ് പറഞ്ഞു. പ്രദേശം സുരക്ഷിതമല്ലെന്നും പരസ്യമായ ലഹരിമരുന്ന് ഉപയോഗവും സംഘര്‍ഷങ്ങളും നിത്യസംഭവമാണെന്നും പ്രദേശവാസിയായ ബ്രെറ്റ് ഗ്രേ ആരോപിച്ചു.
മേഖലയില്‍ താല്‍ക്കാലികമായി കമ്മ്യൂണിറ്റി മെയില്‍ബോക്സുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും, അതുവരെ പ്രദേശവാസികള്‍ സ്റ്റെല്ലാര്ട്ടണ് റോഡിലുള്ള കാനഡ പോസ്റ്റ് കേന്ദ്രത്തിലെത്തി തപാല്‍ കൈപ്പറ്റണമെന്നും അധികൃതര്‍ അറിയിച്ചു.
