റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങള്‍ക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണം. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഖമീസ് മുഷയ്ത്, അബ്ഹ, താഇഫ് എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഹൂതി മിലീഷ്യയുടെ ആക്രമണം.

സംഭവത്തില്‍ ഏഴു വീടുകള്‍ക്കും രണ്ടു വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി സൗദി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി സ്ഥിരീകരിച്ചു. ജനവാസ കേന്ദ്രങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും, സൗദിയുടെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാന്‍ സഖ്യസേന തിരിച്ചടി ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ എല്ലാ സൈനിക നടപടികളും സ്വീകരിക്കുമെന്നും മേജര്‍ ജനറല്‍ അല്‍ മാലികി കൂട്ടിച്ചേര്‍ത്തു.
