തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വൈറലായ കെ.എസ്.ഇ.ബി. ഡാന്‍സ് വീഡിയോ മെറ്റ നീക്കം ചെയ്തു. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ നടപടി. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഈ ഡാന്‍സ് കാണാന്‍ കഴിയും.
വീഡിയോ പങ്കുവെച്ച ‘എഐ കവല’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് നിയന്ത്രണമേര്‍പ്പെടുത്തിയ വിവരം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ‘റീച്ച് യു’ നിര്‍മ്മിച്ച ഈ വീഡിയോ, ഈ അക്കൗണ്ടിലൂടെ മാത്രം ചുരുങ്ങിയ സമയത്തിനുള്ളില്‍ 1.78 കോടി ആളുകളാണ് കണ്ടത്.

വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയും വി.ഡി. സതീശന്‍ തന്നെ ഇതിനെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലിനേക്കാളും തമിഴ്നാട് മുഖ്യമന്ത്രിയും സുഹൃത്തുമായ വിജയിനേക്കാളും നന്നായി താന്‍ ഡാന്‍സ് കളിക്കുന്നുണ്ടെന്നും വീഡിയോ കണ്ട് ഞെട്ടിപ്പോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, വീഡിയോ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
