കീവ്: യുക്രെയ്നിലെ പാസഞ്ചര്‍ ട്രെയിനിന് നേരെ റഷ്യന്‍ ഡ്രോണാക്രമണം. കീവില്‍ നിന്നും പോളണ്ടിലെ വാഴ്സയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് പോളണ്ട്-യുക്രെയ്ന് അതിര്‍ത്തിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. ഈ പാസഞ്ചര്‍ ട്രെയിനിനു സമീപമുണ്ടായിരുന്ന മറ്റൊരു ചാര്‍ട്ടേഡ് ട്രെയിനില്‍ ഈ സമയം ബോറിസ് ജോണ്‍സണും സ്വീഡന്റെ മുന്‍ പ്രധാനമന്ത്രി കാള്‍ ബില്‍റ്റും അടക്കമുള്ള പ്രമുഖരുണ്ടായിരുന്നു. ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ച യുക്രെയ്ന് ഉടന്‍ ബോറിസ് ജോണ്‍സണെയും ബില്റ്റിനെയും മറ്റ് നേതാക്കളെയും സംഭവസ്ഥലത്തുനിന്നും ഒഴിപ്പിച്ചു.
കീവില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പോളണ്ടിലേക്ക് മടങ്ങുകയായിരുന്ന പ്രമുഖ നേതാക്കള്‍ സഞ്ചരിച്ച ട്രെയിന്‍, സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് ഷെഡ്യൂളില്‍ മാറ്റം വരുത്തി നേരത്തെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടിരുന്നു. നേതാക്കള്‍ സഞ്ചരിച്ച ട്രെയിന്‍ കടന്നുപോയി മിനിറ്റുകള്‍ക്കകം, അതേ പാതയിലൂടെ വന്ന പാസഞ്ചര്‍ ട്രെയിനിന് നേരെ റഷ്യന്‍ ഡ്രോണ്‍ പതിക്കുകയായിരുന്നു.

ആക്രമണ വാര്‍ത്തയ്ക്ക് പിന്നാലെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും മറ്റ് നേതാക്കളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഉന്നത നയതന്ത്ര സംഘത്തെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്നാണ് യുക്രെയ്ന് റെയില്‍വേ അധികൃതരുടെ വിലയിരുത്തല്‍.
അതേസമയം, ബോറിസ് ജോണ്സണ് ആക്രമണത്തെ അപലപിച്ചു. ബുദ്ധിഹീനമായ ആക്രമണമാണ് ഇതെന്ന് ബോറിസ് ജോണ്സണ് എക്സില്‍ കുറിച്ചു. ഇതുവരെ യുക്രെയ്ന് റെയില്‍വേയിലെ 1,700 ജീവനക്കാരാണ് റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും എന്ത് വക്രബുദ്ധിയാണ് യുക്രെയിനിലെ ട്രെയിനിനുനേരെ ആക്രമണം നടത്താന്‍ പുട്ടിനെ പ്രേരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ബോറിസ് ജോണ്സണ് പറഞ്ഞു.
