എഡ്മിന്റന്‍: ആല്‍ബര്‍ട്ടയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കെതിരെയുള്ള (Respiratory Virus) വാര്‍ഷിക പ്രതിരോധ കുത്തിവയ്പുകള്‍ക്കുള്ള ബുക്കിങ് ഉടന്‍ ആരംഭിക്കും. ആര്‍.എസ്.വി (RSV), ഇന്‍ഫ്‌ളുവന്‍സ, കോവിഡ്-19 തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയുള്ള കുത്തിവയ്പുകളാണ് പ്രവിശ്യാ ആരോഗ്യ വകുപ്പ് ലഭ്യമാക്കുന്നത്. ഒക്ടോബര്‍ 5 മുതല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ ലൈന്‍ വഴിയോ 811 ഹെല്‍ത്ത് ലിങ്ക് വഴിയോ പ്രാദേശിക ഫാര്‍മസികള്‍ വഴിയോ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാം.
ഗുരുതര ആരോഗ്യപ്രശ്‌നമുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, പാര്‍പ്പിടമില്ലാത്തവര്‍, തദ്ദേശീയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ തുടങ്ങി നിശ്ചിത മാനദണ്ഡങ്ങളില്‍പ്പെടുന്ന 12 വയസ്സിന് മുകളിലുള്ള ആല്‍ബര്‍ട്ട നിവാസികള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. എന്നാല്‍ ഈ മുന്‍ഗണനാ പട്ടികയില്‍പ്പെടാത്ത 12 വയസ്സിന് മുകളിലുള്ളവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ 100 ഡോളര്‍ ഫീസ് നല്‍കേണ്ടി വരും.

6 മാസം മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പബ്ലിക് ഹെല്‍ത്ത് ക്ലിനിക്കുകള്‍ വഴി വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. കൂടാതെ, ആര്‍.എസ്.വി (RSV) പ്രതിരോധ കുത്തിവയ്പ് പദ്ധതി ഒക്ടോബര്‍ 1 മുതല്‍ കൂടുതല്‍ ഗുരുതര രോഗബാധിതരായ 18 മുതല്‍ 69 വയസ്സ് വരെയുള്ള പ്രായപൂര്‍ത്തിയായവരിലേക്കും വ്യാപിപ്പിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് തന്നെ ആര്‍.എസ്.വി ആന്റിബോഡി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഈ വിപുലീകരിച്ച പ്രതിരോധ പദ്ധതികള്‍ വഴി കുട്ടികളിലെയും മുതിര്‍ന്നവരിലെയും രോഗബാധയും ആശുപത്രി പ്രവേശനവും വന്‍തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് പ്രൈമറി ആന്‍ഡ് പ്രിവന്റീവ് ഹെല്‍ത്ത് സര്‍വീസസ് മന്ത്രി ജസ്റ്റിന്‍ റൈറ്റ് പറഞ്ഞു.
