കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളണമെന്ന് പ്രോസിക്യൂഷൻ. കേസ് തുറന്ന കോടതിയിൽ തന്നെ വിചാരണ ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചത്.
രഹസ്യവിചാരണ അനുവദിക്കുന്നതിന് ആവശ്യമായ അസാധാരണ സാഹചര്യം കേസിൽ നിലവിലില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിചാരണ പരസ്യമായി നടത്തുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കേസിന്റെ വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്നാവശ്യപ്പെട്ട് 16 പ്രതികളാണ് കോടതിയെ സമീപിച്ചത്. വിചാരണയ്ക്കിടെ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും പിന്നീട് പ്രചരിപ്പിക്കുന്നതും വിലക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

വിചാരണ പരസ്യമാകുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നാണ് പ്രതികളുടെ വാദം. കൂടാതെ മഹാരാജാസ് കോളജിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കോടതി പരിസരത്ത് കൂട്ടംകൂടുന്നത് തടയണമെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
2018-ൽ മഹാരാജാസ് കോളജ് ക്യാമ്പസിൽ വെച്ചാണ് എസ്എഫ്ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുരോഗമിക്കുന്നത്.
