Wednesday, September 16, 2026

മയക്കുമരുന്ന് കടത്ത്: ട്രംപിന്റെ കടുത്ത വിമർശനത്തിനിടയിലും കാനഡ അമേരിക്കയുടെ കരിമ്പട്ടികയ്ക്ക് പുറത്ത്

വാഷിങ്ടൺ: മയക്കുമരുന്ന് നിയന്ത്രിക്കുന്നതിൽ കാനഡ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് വീണ്ടും ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ യുഎസ് ഭരണകൂടം ബുധനാഴ്ച പുറത്തുവിട്ട പ്രധാന മയക്കുമരുന്ന് ഉൽപാദക രാജ്യങ്ങളുടെ പട്ടികയിൽ കാനഡയെ ഉൾപ്പെടുത്തിയിട്ടില്ല.

ഓരോ വർഷവും യുഎസ് സർക്കാർ പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ അഫ്ഗാനിസ്ഥാൻ, ചൈന, കൊളംബിയ, ഗ്വാട്ടിമാല, ഹെയ്തി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാന മയക്കുമരുന്ന് ഉൽപാദകരായി ഉൾപ്പെട്ടിരിക്കുന്നത്.

കോൺഗ്രസിന് സമർപ്പിച്ച പ്രഖ്യാപനത്തിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിന്റെ ഭരണകൂടം മയക്കുമരുന്ന് കടത്ത് തടയാനും ലഹരിമരുന്ന് നിർമാണ ലാബുകൾ അടച്ചുപൂട്ടാനും നടത്തുന്ന ശ്രമങ്ങളെ ട്രംപ് പ്രശംസിച്ചു. അതേസമയം മെക്സിക്കോയും കാനഡയും കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാനഡയിലെ രഹസ്യ ലാബുകളിൽ ഫെന്റനിൽ നിർമിച്ച് യുഎസിലേക്ക് കടത്തുന്നുണ്ടെന്നും ചൈനീസ് സംഘങ്ങൾ കാനഡ-യുഎസ് അതിർത്തിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾക്ക് പിന്തുണ നൽകുന്ന വിശദമായ തെളിവുകൾ പ്രഖ്യാപനത്തിൽ നൽകിയിട്ടില്ല.

യുഎസ് സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം മെക്സിക്കൻ അതിർത്തിയുമായി താരതമ്യം ചെയ്യുമ്പോൾ വടക്കൻ അതിർത്തിയിൽ പിടിച്ചെടുക്കുന്ന മയക്കുമരുന്നിന്റെ അളവ് വളരെ കുറവാണ്.

ഫെന്റനിൽ കടത്ത് ചൂണ്ടിക്കാട്ടിയാണ് ട്രംപ് കഴിഞ്ഞ വർഷം കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്തിയത്. എന്നാൽ പിന്നീട് യുഎസ് സുപ്രീംകോടതി ഈ തീരുവകൾ റദ്ദാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!