ടൊറന്റോ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി
കനേഡിയന്‍ രാജ്യാന്തര വ്യാപാര മന്ത്രി മനീന്ദര്‍ സിധു ഇന്ന് (സെപ്റ്റംബര്‍ 18, 2026) മുംബൈയിലെത്തും. ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യ-കാനഡ വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള നാലാം ഘട്ട CEPA ചര്‍ച്ചകള്‍ വേഗത്തിലാക്കുക, 2026 അവസാനത്തോടെ ഈ വ്യാപാര കരാര്‍ പൂര്‍ത്തിയാക്കുക തുടങ്ങിയവയാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
2030-ഓടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 70 ബില്യണ്‍ കനേഡിയന്‍ ഡോളറായി ഇരട്ടിയാക്കുക എന്നതാണ് കാനഡ ലക്ഷ്യമിടുന്നത്. മുംബൈയിലെത്തുന്ന അദ്ദേഹം കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായും ഉന്നത ഉദ്യോഗസ്ഥരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി വ്യാപാര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.

മുംബൈയിലെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മനിലയില്‍ നടക്കുന്ന ആസിയാന്‍ (ASEAN) മന്ത്രിതല ചര്‍ച്ചകളില്‍ പങ്കെടുക്കാനായി അദ്ദേഹം ഫിലിപ്പീന്‍സിലേക്ക് തിരിക്കും. തായ്ലന്‍ഡ്, ഖത്തര്‍, മെര്‍കോസര്‍ വ്യാപാര കൂട്ടായ്മ, തുര്‍ക്കി എന്നിവരുമായുള്ള വാണിജ്യ ബന്ധങ്ങള്‍ ശക്തമാക്കാനും കാനഡ ശ്രമിക്കുന്നുണ്ട്.
അമേരിക്കയ്ക്ക് പുറത്തേക്കുള്ള രാജ്യത്തിന്റെ കയറ്റുമതിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 17 ശതമാനത്തിന്റെ (33 ബില്യണ്‍ കനേഡിയന്‍ ഡോളര്‍) വളര്‍ച്ചയുണ്ടായെന്നും, അഞ്ച് ഭൂഖണ്ഡങ്ങളിലായി 20-ലേറെ കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധിച്ചെന്നും മന്ത്രി വ്യക്തമാക്കി.
