സെന്റ് ജോണ്‍സ്: കാനഡയിലുടനീളം സര്‍വകലാശാലാ പഠനച്ചെലവുകള്‍ കുത്തനെ ഉയരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ പ്രകാരം, കാനഡയിലെ ബിരുദ കോഴ്സുകളുടെ ശരാശരി പ്രതിവര്‍ഷ പഠനച്ചെലവ് 2022-ലെ 7,915 ഡോളറില്‍ നിന്ന് 2026-ഓടെ 9,292 ഡോളറായി ഉയര്‍ന്നു (വര്‍ഷത്തില്‍ 4.1% വര്‍ധന). ബിരുദാനന്തര ബിരുദ കോഴ്സുകളുടെ നിരക്ക് 2022-ലെ 8,400 ഡോളറില്‍ നിന്ന് 2026-ല്‍ 9,273 ഡോളറായും വര്‍ധിച്ചു.
മെമ്മോറിയല്‍ യൂണിവേഴ്സിറ്റി ഓഫ് ന്യൂഫൗണ്ട്ലാന്‍ഡില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ, ട്യൂഷന്‍ ഫീസ് വര്‍ദ്ധനവിനെതിരെയുള്ള സമരം ശക്തമാക്കി വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍. വിദ്യാര്‍ത്ഥിയായ നിക്കോളാസ് കീഗിന്റെ നേതൃത്വത്തില്‍ ഫീസ് വര്‍ദ്ധനവ് വീണ്ടും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ കാമ്പസില്‍ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള സര്‍ക്കാരുകള്‍ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ കുറയ്ക്കുകയാണെന്ന് വിദ്യാര്‍ത്ഥി നേതാവ് നിക്കോളാസ് കീഗും മെമ്മോറിയല്‍ യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി അസോസിയേഷന്‍ പ്രസിഡന്റ് എറിക്ക മെര്‍ഷ്രോഡും കുറ്റപ്പെടുത്തി.

1999 മുതല്‍ 2021 വരെ യൂണിവേഴ്സിറ്റിയിലെ ഫീസ് നിരക്കുകള്‍ മരവിപ്പിച്ചിരുന്നതിനാല്‍ പ്രതിവര്‍ഷം 3,000 ഡോളറില്‍ താഴെയായിരുന്നു പഠനച്ചെലവ്. എന്നാല്‍ 2022-ല്‍ ഈ നിരോധനം നീക്കിയതോടെ ഫീസ് ഇരട്ടിയിലധികമായി വര്‍ധിച്ച് 10 കോഴ്സുകള്‍ക്ക് 6,750 ഡോളറായി ഉയര്‍ന്നു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് 2026-ല്‍ രാഷ്ട്രീയക്കാര്‍ വീണ്ടും ഫീസ് വര്‍ദ്ധനവിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ന്യൂഫിന്‍ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ സര്‍ക്കാര്‍ യൂണിവേഴ്സിറ്റിക്കുള്ള ധനസഹായം 2025-ലെ 311 മില്യണ്‍ ഡോളറില്‍ നിന്ന് 2026-ല്‍ 330 മില്യണ്‍ ഡോളറായി (6.2% വര്‍ദ്ധനവ്) ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ബാധ്യതകള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഫീസും ഹോസ്റ്റല്‍ ചെലവുകളും കുത്തനെ ഉയരുന്നത് മൂലം പല കുടുംബങ്ങളും കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനായുള്ള സമ്പാദ്യ പദ്ധതികളില്‍ (RESP) ചേരാന്‍ പോലും മടിക്കുകയാണെന്ന് ഫിനാന്‍ഷ്യല്‍ പ്ലാനിങ് സ്ഥാപനമായ എംബാര്‍ക്കിന്റെ സി.ഇ.ഒ ആന്‍ഡ്രൂ ലോ വ്യക്തമാക്കി.
കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് മെമ്മോറിയല്‍ യൂണിവേഴ്സിറ്റിയിലെ ഫീസ് നിരക്കുകള്‍ ഇപ്പോഴും കുറവാണെങ്കിലും, ഫീസ് വര്‍ധന സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫീസ് നിരോധനം തുടരണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
