ടൊറന്റോ: ഒന്റാരിയോയിലെ വാടകക്കാർക്കും വീട്ടുടമസ്ഥർക്കും നിർണായകമായി റെസിഡൻഷ്യൽ ടെനൻസി ആക്റ്റിൽ (Residential Tenancies Act) കടുത്ത നിയമമാറ്റങ്ങൾ നിലവിൽ വന്നു. പുതുക്കിയ ബിൽ 60, ബിൽ 97 ഭേദഗതികൾ പ്രകാരം വാടക കുടിശ്ശികയുള്ളവർക്കും കൃത്യസമയത്ത് പണം നൽകാത്തവർക്കും വലിയ തിരിച്ചടിയാണ് പുതിയ നിയമം.
വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥൻ നൽകുന്ന N4 ഒഴിപ്പിക്കൽ നോട്ടീസിന്റെ (Eviction Notice) കാലാവധി 14 ദിവസത്തിൽ നിന്നും 7 ദിവസമായി കുറച്ചതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം കുടിശ്ശിക പൂർണ്ണമായി തീർത്തില്ലെങ്കിൽ വീട്ടുടമസ്ഥന് ലാൻഡ്ലോർഡ് ആൻഡ് ടെനന്റ് ബോർഡിനെ (LTB) സമീപിച്ച് ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കാം.
മറ്റ് പ്രധാന നിയമ പരിഷ്കാരങ്ങൾ
50% തുക മുൻകൂട്ടി അടയ്ക്കണം: വീട്ടുടമസ്ഥനെതിരെയുള്ള അറ്റകുറ്റപ്പണി കുറവുകളോ പീഡനങ്ങളോ എൽ.ടി.ബി ഹിയറിംഗിൽ വാടകക്കാരന് പ്രതിരോധ വാദമായി ഉന്നയിക്കണമെങ്കിൽ, കുടിശ്ശിക തുകയുടെ പകുതി വിചാരണയ്ക്ക് 7 ദിവസം മുൻപ് കോടതിയിൽ കെട്ടിവെക്കണം.

തുടർച്ചയായ വൈകൽ (Persistent Late Payment): ആറുമാസത്തിനിടെ മൂന്ന് തവണയെങ്കിലും വാടക നൽകാൻ ഏഴ് ദിവസത്തിൽ കൂടുതൽ വൈകിയാൽ അത് ‘തുടർച്ചയായ വൈകൽ’ ആയി കണക്കാക്കുകയും N8 നോട്ടീസ് വഴി ഒഴുപ്പിക്കാൻ ഉടമസ്ഥന് അവകാശമുണ്ടായിരിക്കുകയും ചെയ്യും.
ഔദ്യോഗിക പേയ്മെന്റ് കരാറുകൾ: വാടക കുടിശ്ശിക തീർക്കാനുള്ള റീപേമെന്റ് പ്ലാനുകൾക്ക് ഇനിമുതൽ LTB അംഗീകരിച്ച ഔദ്യോഗിക ഫോമുകൾ മാത്രമേ സാധുതയുള്ളൂ.
നിയമങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ വാടകക്കാർ തങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെയും കമ്മ്യൂണിക്കേഷനുകളുടെയും രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്ന് ലീഗൽ എയ്ഡ് ക്ലിനിക്കുകൾ മുന്നറിയിപ്പ് നൽകുന്നു.
