തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകനും എംഎല്‍എയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാന ഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും കേസ് അന്വേഷണം. വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമോ എന്ന കാര്യത്തില്‍ ഡിജിപി തീരുമാനമെടുക്കും. ആവശ്യമെങ്കില്‍ എഫ്‌ഐആറിന് മുന്‍പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം അനുവദിക്കുന്നുണ്ട്.
പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (CMRL) പണം നല്‍കിയെന്ന ഇടപാടാണ് കേസിന്റെ പ്രധാന പശ്ചാത്തലം. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കും തുടര്‍നടപടികള്‍ക്കും പിന്നാലെയാണ് ഈ ഇടപാടുകള്‍ അന്വേഷണ പരിധിയിലെത്തിയത്. എക്‌സാലോജിക്കിന് സിഎംആര്‍എല്‍ ഏകദേശം 2.78 കോടി രൂപ നല്‍കിയെന്നും എന്നാല്‍ ഇതിന് ആനുപാതികമായ സേവനങ്ങള്‍ കമ്പനി നല്‍കിയിട്ടില്ലെന്നുമാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (PMLA) ഇഡി നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ടു.

ഇതിനു പിന്നാലെ, പിണറായി വിജയന് 3.28 കോടി രൂപയുടെ അനധികൃത പ്രതിഫലം ലഭിച്ചതായും വീണ മുഖേനയാണ് ഈ പണം കൈമാറിയതായും ഇഡി ആരോപിച്ചിരുന്നു. കൂടാതെ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. പിഎംഎല്‍എയിലെ സെക്ഷന്‍ 66(2) പ്രകാരം ലഭിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. മൂവര്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഈ റിപ്പോര്‍ട്ട് പിന്നീട് ആഭ്യന്തര വകുപ്പിലേക്ക് നല്‍കി.
ഇഡി റിപ്പോര്‍ട്ടില്‍ നിയമനടപടി സാധ്യമാണോ എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. റിപ്പോര്‍ട്ടില്‍ കോഗ്‌നിസിബിള്‍ കുറ്റം വെളിപ്പെടുന്നുവെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും, സാഹചര്യമനുസരിച്ച് പ്രാഥമിക അന്വേഷണം നടത്താമെന്നും എജി അറിയിച്ചതോടെയാണ് ആഭ്യന്തര മന്ത്രി നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
