ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പന്തടികളത്ത് സ്വദേശി വിജയൻ (47) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പണിസ്ഥലത്തെ ഷെഡിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിജയൻ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആനയെ കണ്ട് രക്ഷപ്പെടാൻ ഓടിയെങ്കിലും പിന്നാലെയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിജയൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
‘ചക്കക്കൊമ്പൻ’ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാനയാണ് ആക്രമണം നടത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ശാന്തൻപാറ മേഖലയിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ കാട്ടാന ആക്രമണമാണിത്. മൂന്ന് ദിവസം മുമ്പ് മൂന്നാർ മേഖലയിലും കാട്ടാനയുടെ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.
മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (RRT) ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. ചക്കക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയ വിവരം പോലും അധികൃതർ കൃത്യമായി നിരീക്ഷിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

മുമ്പ് പ്രദേശത്ത് ഭീതി സൃഷ്ടിച്ചിരുന്ന അരിക്കൊമ്പനെ മാറ്റിയതിനു പിന്നാലെ ഉണ്ടായ താൽക്കാലിക ആശ്വാസത്തിന് ശേഷം ഇപ്പോൾ ചക്കക്കൊമ്പന്റെ സാന്നിധ്യം വീണ്ടും ആശങ്ക വർധിപ്പിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാൻ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അവ നടപ്പാക്കുന്നതിൽ കാര്യമായ പുരോഗതിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.
സംഭവത്തെ തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തുകയും കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നതുവരെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
