Wednesday, September 23, 2026

നൈജീരിയ വിഷമദ്യ ദുരന്തം: പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി കാനഡ

ഓട്ടവ: നൈജീരിയയില്‍ വിഷമദ്യം കഴിച്ച് അനേകം പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍, അവിടെയുള്ള തങ്ങളുടെ പൗരന്മാര്‍ക്കും യാത്രികര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശവുമായി ഫെഡറല്‍ സര്‍ക്കാര്‍. ഉയര്‍ന്ന അളവില്‍ മെഥനോള്‍ (Methanol) കലര്‍ന്ന വ്യാജമദ്യം കഴിച്ച് നിരവധി പേര്‍ മരിച്ച റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിദേശകാര്യ വകുപ്പ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

വിശ്വസനീയവും അംഗീകൃതവുമായ സ്ഥാപനങ്ങളില്‍ നിന്ന് മാത്രം മദ്യം വാങ്ങാനും, കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ഫെഡറല്‍ സര്‍ക്കാര്‍ മുന്നറിയിപ്പില്‍ പറയുന്നു.

തെക്കന്‍ നൈജീരിയയിലെ ഒഡിഗ്‌ബോ (Odigbo), ഇറെലെ (Irele) മേഖലകളില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യം കഴിച്ച് കുറഞ്ഞത് 48 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ ചികിത്സയിലാവുകയും ചെയ്തു. ആകെ 182-ഓളം പേരെ വിഷമദ്യം ബാധിച്ചതായാണ് പ്രാഥമിക കണക്കുകള്‍.

നൈജീരിയയില്‍ ജനപ്രിയമായ ‘മങ്കി ടെയില്‍’ (Monkey Tail) എന്നറിയപ്പെടുന്ന ഹെര്‍ബല്‍ മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇത്തരം പ്രാദേശിക വ്യാജമദ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗ്രാമീണ മേഖലകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് ചെറു പ്ലാസ്റ്റിക് കവറുകളിലും കുപ്പികളിലും ലഭിക്കുന്ന മദ്യങ്ങള്‍ക്ക് നൈജീരിയന്‍ ഭക്ഷ്യ-ഔഷധ നിയന്ത്രണ ഏജന്‍സി (NAFDAC) രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!