കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കം ഉള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ ഇടാന്‍ വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ അഴിമതി നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം, ഇ ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമായിരിക്കും പ്രാഥമിക അന്വേഷണം നടത്തുകയെന്നാണ് റിപ്പോർട്ടുകൾ. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് സർക്കാർ അന്വേഷണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
ഇ ഡി റിപ്പോർട്ടിലെ ആരോപണങ്ങൾ
സിഎംആർഎൽ, ടി. വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക് സൊല്യൂഷൻസ് എന്നിവ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ കേന്ദ്രം. എക്‌സാലോജിക്കിന് നൽകിയതായി പറയുന്ന പണം യഥാർഥ ഐടി, കൺസൾട്ടൻസി സേവനങ്ങൾക്കുള്ള പ്രതിഫലമല്ലെന്നും പകരം അനധികൃത സാമ്പത്തിക നേട്ടമായിരുന്നുവെന്നുമാണ് ഇ ഡി ആരോപിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇ ഡി റിപ്പോർട്ടിൽ പിണറായി വിജയന് 3.28 കോടി രൂപ കൈക്കൂലിയായി ലഭിച്ചെന്ന ആരോപണവും മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ ആരോപണങ്ങൾ അന്വേഷണത്തിൽ പരിശോധിക്കപ്പെടേണ്ട വിഷയങ്ങളാണ്.
പിണറായി വിജയൻ ഇ ഡിയുടെ ആരോപണങ്ങൾ തള്ളിയിട്ടുണ്ട്. സിഎംആർഎൽ–എക്‌സാലോജിക് ഇടപാടുകൾ നിയമാനുസൃതമായ ബിസിനസ് ഇടപാടുകളാണെന്നും എല്ലാ പണമിടപാടുകൾക്കും കൃത്യമായ രേഖകളും നികുതി അടച്ചതിന്റെ വിവരങ്ങളും ഉണ്ടെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം
ഇ ഡി കൈമാറിയ വിവരങ്ങളിൽ അന്വേഷണം നടത്താൻ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കാനാണ് സർക്കാർ തീരുമാനം. എഫ്‌ഐആർ നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിന് പകരം ആദ്യം പ്രാഥമിക അന്വേഷണം നടത്താനാണ് നിലവിലെ തീരുമാനം.
അഴിമതി കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികൾ നിയമോപദേശത്തിൽ പരിഗണിച്ചതായാണ് സർക്കാർ വിശദീകരണം.
ഇ ഡിയുടെ റിപ്പോർട്ടിൽ ഉന്നയിച്ച സാമ്പത്തിക ഇടപാടുകളും അനുബന്ധ ആരോപണങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണത്തിനിടെ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നിയമനടപടികൾ തീരുമാനിക്കുക.
കേസിൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ രാഷ്ട്രീയ പ്രതികരണങ്ങളും ശക്തമാണ്. ഇ ഡി ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഐഎം നേതാക്കൾ ആരോപിച്ചിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾ സംബന്ധിച്ച് നിയമപരമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നാണ് സർക്കാർ നിലപാട്.
