ഓട്ടവ: ഇന്ത്യ- കാനഡ സമഗ്ര വ്യാപാര കരാര്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഡിസംബറില്‍ കാനഡയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയുമായുള്ള സമഗ്ര വ്യാപാര കരാര്‍ പൂര്‍ത്തിയാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിക്കിടെയാണ് കാര്‍ണിയാണ് ഈ കാര്യം വ്യക്തമാക്കിയത്. കരാര്‍ ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്തുന്നതിനും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ പകുതിയോടെ കാനഡ സന്ദര്‍ശിക്കും.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന നയതന്ത്ര തര്‍ക്കങ്ങള്‍ പരിഹരിച്ച് സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാനാണ് ഈ നീക്കം. സുരക്ഷ, വ്യാപാരം, സാമ്പത്തിക രംഗം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കേണ്ടതുണ്ടെന്ന് കാനഡ വ്യക്തമാക്കി.

അമേരിക്കയെ മാത്രം സാമ്പത്തികമായി ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. ഈ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 70 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായ ഇന്ത്യയുമായുള്ള പങ്കാളിത്തം കാനഡയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും.
