Friday, September 25, 2026

റസ്റ്റോറന്റില്‍ മേശകളിലൂടെ എലികള്‍ ഓടുന്ന ദൃശ്യങ്ങള്‍ വൈറല്‍; മക്‌ഡോണള്‍ഡിന് പിഴ

രാജ്‌കോട്ട്: റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്ന മേശകള്‍ക്കിടയിലൂടെ എലികള്‍ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഗുജറാത്തിലെ മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിന് പിഴ ചുമത്തി. രാജ്‌കോട്ടിലെ ഗ്രീന്‍ലാന്‍ഡ് ചൗക്ക്ഡിക്ക് സമീപമുള്ള മക്ഡൊണാള്‍ഡ്സില്‍ രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (RMC) നടത്തിയ പരിശോധനയിലാണ് ശുചിത്വ വീഴ്ച കണ്ടെത്തിയതും 3,000 രൂപ പിഴ ഈടാക്കിയതും.

മക്കഫേയുടെ ബോര്‍ഡും മെനുവും വ്യക്തമായി കാണുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതര്‍ നടപടിയെടുത്തത്. ഡൈനിങ് ഏരിയയില്‍ എലികളുടെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും അടുക്കളയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് ആര്‍എംസി ഹെല്‍ത്ത് ഓഫീസര്‍ ഡോ. ജയേഷ് വകനിയുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു. പരിശോധനയുടെ ഭാഗമായി ഇവിടെനിന്ന് അസംസ്‌കൃത വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സമീപത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് എലികള്‍ ഉള്ളിലെത്താന്‍ കാരണമെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

അതിനിടെ, സമാനമായ ശുചിത്വ വീഴ്ചകളുടെ പേരില്‍ മഹാരാഷ്ട്രയിലും നടപടി ശക്തമാക്കി. മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ഡാര്‍ക്ക് സ്റ്റോറിന്റെ ഭക്ഷ്യ ലൈസന്‍സ് മഹാരാഷ്ട്ര എഫ്ഡിഎ (FDA) സസ്‌പെന്‍ഡ് ചെയ്തു. ജീവനുള്ള എലികള്‍, പാറ്റകള്‍, എലികള്‍ കടിച്ച ഭക്ഷ്യവസ്തുക്കള്‍, വൃത്തിഹീനമായ അന്തരീക്ഷം എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!