ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ ന്യൂയോര്‍ക്ക് മേയറും ഇന്ത്യന്‍ വംശജനുമായ സൊഹ്റാന് മംദാനിയെ വരെ കടന്നാക്രമിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സൊഹ്റാന് മംദാനി ജൂതവിരുദ്ധനെന്നും മേയറായതു മുതല്‍ ന്യൂയോര്‍ക്കിലെ ഭൂരിഭാഗം ജൂതന്മാര്ക്കും സുരക്ഷിതത്വം നഷ്ടപ്പെട്ടെന്നാണ് വിമര്‍ശനം.
നെതന്യാഹു നടത്തിയ പ്രസംഗത്തിന് പിന്നാലെ പ്രതികരണവുമായി ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന് മംദാനി രംഗത്തെത്തി. പലസ്തീന് ജനതക്കെതിരെ നെതന്യാഹു നയിക്കുന്നത് വംശഹത്യയാണെന്നും, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐ.സി.സി) യുദ്ധക്കുറ്റവാളിയായ നെതന്യാഹു തന്റെ കുറ്റകൃത്യങ്ങള്‍ വെള്ളപൂശാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും മംദാനി കുറ്റപ്പെടുത്തി.”എപ്പോഴത്തെയും പോലെ, പലസ്തീനികള്‍ക്കെതിരായ തന്റെ വംശഹത്യയെ വെള്ളപൂശാന്‍ ലക്ഷ്യമിട്ടുള്ള അടിസ്ഥാനരഹിതമായ നുണകള്‍ ആവര്‍ത്തിക്കാനാണ് പ്രധാനമന്ത്രി നെതന്യാഹു ശ്രമിച്ചത്,” മംദാനി പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന മംദാനിയുടെ ആരോപണം തെറ്റാണെന്നും നെതന്യാഹു പറഞ്ഞു. ”നിങ്ങള്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന് ആവര്‍ത്തിച്ച് തെറ്റായി ആരോപിക്കുന്നു. എന്നെ ഇവിടെ വരുന്നത് തടയാനും എന്നെ നിശ്ശബ്ദനാക്കാനും നിങ്ങള്‍ ശ്രമിച്ചു. എന്നാല്‍ നിങ്ങള്‍ക്ക് എന്നെ നിശ്ശബ്ദനാക്കാന്‍ കഴിയില്ല,” നെതന്യാഹു പറഞ്ഞു.

നെതന്യാഹുവിന്റെ പ്രസംഗത്തില്‍ ഖത്തറിനെതിരായ കടുത്ത വിമര്‍ശനവും ഉണ്ടായിരുന്നു. ഇസ്രയേലിന്റെ യുദ്ധത്തില്‍ ഖത്തറിനെ ”എട്ടാമത്തെ മുന്നണി” എന്ന നിലയിലാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇസ്രായേലിനെതിരെ തെറ്റായ പ്രചാരണം നടത്തുകയും അമേരിക്കന്‍ സര്‍വകലാശാലകള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്ത് യുവാക്കളില്‍ ഇസ്രയേലിനോടും അമേരിക്കയോടും പാശ്ചാത്യ രാജ്യങ്ങളോടും വിരോധം വളര്‍ത്തുകയാണെന്നും ഹമാസ് നേതാക്കള്‍ക്ക് ഖത്തര്‍ അഭയം നല്‍കുന്നുവെന്നും നെതന്യാഹു ആരോപിച്ചു.
ഈ ആരോപണങ്ങള്‍ ‘തികച്ചും അടിസ്ഥാനരഹിത’മാണെന്ന് ഖത്തര്‍ പ്രതികരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍, ഇസ്രയേലിനെക്കുറിച്ചുള്ള നിലപാടുകളില്‍ ഉണ്ടാകുന്ന മാറ്റത്തെ സംഘടിത പ്രചാരണങ്ങളുടെ ഫലമായി മാത്രം ചിത്രീകരിക്കുന്നത് ഒരു തലമുറയുടെ കഴിവിനെ അപമാനിക്കുന്നതാണെന്ന് അല്‍ അന്‍സാരി പറഞ്ഞു.
അതേസമയം യു.എന്നില്‍ നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോള്‍ ലോകനേതാക്കളും പ്രതിനിധികളും സദസ്സില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങിപ്പോയത് വലിയ ചര്‍ച്ചയായിരുന്നു. ഗാസയിലെ സൈനിക നടപടികള്‍ ചൂണ്ടിക്കാണിച്ചാണ് വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഹാള്‍ ബഹിഷ്കരിച്ചത്.
