ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തിന് മുന്നില്‍ വന്‍ പ്രതിഷേധം. ഹോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേരെ സംഭവവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. ഓസ്കാര്‍ ജേതാവായ നടി സൂസന് സറാന്‍ഡന്‍, എംമി അവാര്‍ഡ് ജേതാവ് ഹന്ന ഐന്‍ബൈന്‍ഡര്‍, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ദാരിയലിസ അവില ഷെവലിയര്‍, സിറ്റി കൗണ്‍സില്‍ അംഗം ചി ഒസ്സെ തുടങ്ങിയ പ്രമുഖരാണ് അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നത്. ഫലസ്തീന് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ‘ജൂയിഷ് വോയിസ് ഫോര്‍ പീസ്’ എന്ന ജൂത ആക്ടിവിസ്റ്റ് സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.

യുദ്ധവിരുദ്ധ സന്ദേശങ്ങളും ഫലസ്തീന് അനുകൂല മുദ്രാവാക്യങ്ങളും ആലേഖനം ചെയ്ത വെള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ച ഇരുനൂറോളം വരുന്ന പ്രതിഷേധക്കാരാണ് യുഎന്‍ ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തെരുവില്‍ കുത്തിയിരുന്ന് നെതന്യാഹുവിനെതിരെ മുദ്രാവാക്യം വിളി തുടരുകയായിരുന്നു.

തുടര്‍ന്ന് പോലീസുകാര്‍ ഇവരുടെ കൈകള്‍ ബന്ധിച്ച് വാഹക ബസുകളിലേക്ക് മാറ്റി. തങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഗാസയില്‍ നടക്കുന്ന വംശഹത്യക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് ഉത്തരവാദിത്തമാണെന്നും യുഎന്‍ വേദി ഉപയോഗിച്ച് ഇത്തരം ക്രൂരതകളെ ന്യായീകരിക്കാന്‍ നെതന്യാഹുവിന് അവകാശമില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
അതേസമയം, പുറത്ത് വന്‍ പ്രതിഷേധങ്ങള്‍ നടക്കവേ യുഎന്‍ പൊതുസഭയില്‍ സംസാരിച്ച ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലിന്റെ സൈനിക നടപടികളെ ന്യായീകരിച്ചു. എന്നാല്‍ നെതന്യാഹു പ്രസംഗ പീഠത്തിലേക്ക് എത്തിയതോടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കൂട്ടത്തോടെ സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി. പുറത്തെ ജനകീയ പ്രതിഷേധങ്ങള്‍ക്ക് പുറമേ, ആഗോളതലത്തില്‍ ഇസ്രായേല്‍ നേരിടുന്ന കടുത്ത നയതന്ത്ര ഒറ്റപ്പെടലിന്റെ ആഴം കൂടിയാണ് സഭയ്ക്കുള്ളിലെ ഈ പ്രതിഷേധത്തിലൂടെ വ്യക്തമായത്.
