ലണ്ടൻ: പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുകെ ഗ്രീൻ പാർട്ടി നേതാവ് സാക്ക് പോളാൻസ്‌കി. താൻ സയണിസ്റ്റ് വിരുദ്ധനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ എട്ടിന് ലണ്ടനിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പലസ്തീനികളെ, പ്രത്യേകിച്ച് ഗസ്സയിൽ നിന്നുള്ള ജനങ്ങളെ, ഒഴിപ്പിക്കുന്നതിനോ അവർക്ക് നേരെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതിനോ സയണിസത്തെ ഉപയോഗിക്കുന്നുവെങ്കിൽ അതിനെ വംശീയതയായി കാണേണ്ടിവരുമെന്ന് പോളാൻസ്‌കി പറഞ്ഞു.
ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളെ വിമർശിക്കുന്നത് ജൂതവിരുദ്ധതയായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നടപടികളെ വിമർശിക്കുന്നതും ജൂതവിരുദ്ധതയല്ലെന്നും പോളാൻസ്‌കി പറഞ്ഞു.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തുന്ന നടപടികളെ വിമർശിക്കുന്നവരെ ജൂതവിരുദ്ധരായി ചിത്രീകരിക്കുന്ന പ്രവണതയുണ്ടെന്നും ഇത്തരം ആരോപണങ്ങൾ യുകെയിലെ ജൂത സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നിങ്ങൾ സയണിസ്റ്റാണോ?’ എന്ന ചോദ്യത്തിന് മറുപടിയായാണ് പോളാൻസ്‌കി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്രായേൽ അനുകൂല സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം.

ജൂത വംശജനായ പോളാൻസ്‌കി നോർത്ത് മാഞ്ചസ്റ്ററിലാണ് ജനിച്ചത്. പലസ്തീൻ വിഷയത്തിൽ സംസാരിച്ചതോടെ പരിപാടിയിൽ പങ്കെടുത്ത ചില ഇസ്രായേൽ അനുകൂലികളിൽ നിന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധമുണ്ടായി. പോളാൻസ്‌കിയുടെ പരാമർശങ്ങൾ ജൂതവിരുദ്ധമാണെന്ന് ചിലർ ആരോപിച്ചു.
ഇതിന് മറുപടിയായി, ഇസ്രായേൽ സർക്കാരിന്റെ നടപടികൾക്ക് ലോകമെമ്പാടുമുള്ള ജൂതന്മാരെ ഉത്തരവാദികളാക്കാനാകില്ലെന്ന് പോളാൻസ്‌കി പറഞ്ഞു. ഇസ്രായേൽ സർക്കാരിന്റെ നയങ്ങളെയും ജൂത സമൂഹത്തെയും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സയണിസത്തെക്കുറിച്ച് ലണ്ടനിലെ രാഷ്ട്രീയ നേതാക്കളോട് അടുത്തിടെ ചോദിച്ചപ്പോൾ പലരും വ്യക്തമായ നിലപാട് പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് മാധ്യമപ്രവർത്തകൻ റിച്ചാർഡ് ഓസ്‌ലി പറഞ്ഞു. ഇതിനിടെയാണ് പോളാൻസ്‌കിയുടെ പരാമർശം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ചർച്ചയായത്.
