Sunday, September 27, 2026

ടെഹ്റാനിലെ ആശുപത്രിക്ക് നേരെ ആക്രമണം; മുജ്തബ ഖമേനിയെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് രക്ഷിച്ചതായി വെളിപ്പെടുത്തൽ

ടെഹ്റാൻ: യു.എസ്.-ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന ടെഹ്റാനിലെ ആശുപത്രി കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയെ ജീവനോടെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഇറാനിലെ അസംബ്ലി ഓഫ് എക്സ്പെർട്സ് അംഗം മൊഹ്സെൻ ഹൈദരിയാണ് ഇക്കാര്യം ഖത്തർ ആസ്ഥാനമായ ടെലിവിഷൻ ശൃംഖലയായ ‘അൽ അറബി’ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ അയത്തൊള്ള അലി ഖമേനിയെ ലക്ഷ്യമിട്ട് ഇസ്രയേലും യു.എസും നടത്തിയ ആക്രമണത്തിൽ മുജ്തബ ഖമേനിക്ക് പരുക്കേറ്റിരുന്നുവെന്നും തുടർന്ന് അദ്ദേഹത്തെ ടെഹ്റാനിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും ഹൈദരി അവകാശപ്പെട്ടു. പിന്നീട് ടെഹ്റാനിലെ മൂന്ന് ആശുപത്രികൾക്ക് നേരെ ആക്രമണമുണ്ടായതായും, മൂന്നാമത്തെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് മുജ്തബ ഖമേനി കുടുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടം തകർന്നതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് അദ്ദേഹത്തെ ജീവനോടെ പുറത്തെടുത്തതെന്നും ഹൈദരി വ്യക്തമാക്കി. എന്നാൽ ഈ അവകാശവാദത്തിന് സ്വതന്ത്ര സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ആക്രമണത്തിന് ശേഷം മുജ്തബ ഖമേനി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റതായും ശരീരത്തിന്റെ ഒരു ഭാഗത്ത് തളർച്ചയുണ്ടായതായും യു.എസ്. ഇന്റലിജൻസ് വിലയിരുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, മുജ്തബ ഖമേനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ഭരണപരമായ കാര്യങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!