കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതി വേണമെന്ന സാഹചര്യമാണോ നിലവിലുള്ളതെന്ന് ചോദിച്ച് ഹൈക്കോടതി. നടി ലക്ഷ്മിപ്രിയ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.
പാവപ്പെട്ടവരുടെ നിരവധി പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കെ, ഇത്തരം വിഷയങ്ങൾ പരിഗണിക്കാൻ മാത്രമാണോ സമയം ലഭിക്കുന്നതെന്നും കോടതി ചോദിച്ചു. പൊലീസ് സ്റ്റേഷനിൽ വെച്ച് നടി അൻസിബ ഹസനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ തനിക്കെതിരായ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലക്ഷ്മിപ്രിയ ഹൈക്കോടതിയെ സമീപിച്ചത്.
അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് ലക്ഷ്മിപ്രിയക്കെതിരെ കേസെടുത്തിരുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമായിരുന്നു പൊലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട വകുപ്പ് ഉൾപ്പെടുത്തിയാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ആദ്യ എഫ്ഐആറിൽ ഈ വകുപ്പ് ഉൾപ്പെടാതിരുന്നത് ക്ലറിക്കൽ പിഴവാണെന്നാണ് പൊലീസ് വിശദീകരിച്ചത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ഒഴിവാക്കിയെന്ന കാര്യം ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ സമീപിക്കാനിരിക്കെയാണ് പൊലീസിന്റെ വിശദീകരണം പുറത്തുവന്നത്.

യൂട്യൂബ് ചാനലുകളിലൂടെയും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും ലക്ഷ്മിപ്രിയ തനിക്കെതിരെ അപകീർത്തികരവും മോശവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും വ്യക്തിഹത്യ നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു.
ലക്ഷ്മിപ്രിയയുടെ പരാമർശങ്ങൾ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും പ്രതികൂലമായി ബാധിച്ചെന്നും മാനഹാനിക്ക് ഇടയാക്കിയെന്നും അൻസിബ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെയും ഐ.ടി. ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. ലക്ഷ്മിപ്രിയയുടെ ഹർജിയിൽ ഹൈക്കോടതിയുടെ തുടർനടപടികൾ ഇനി നിർണായകമാകും.
