ഒന്റാരിയോ: പീല്‍ റീജണില്‍ വാഹന മോഷണക്കേസുകളില്‍ 10 ശതമാനം കുറവ് രേഖപ്പെടുത്തിയതായി പുതിയ കണക്കുകള്‍. പ്രൊവിന്‍ഷ്യല്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം 2026 ജനുവരി 1 നും ജൂണ്‍ 30 നും ഇടയില്‍ 2,790 വാഹനങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ വര്‍ഷം (2025) ഇതേ കാലയളവില്‍ ഇത് 3,089 ആയിരുന്നു.
തിങ്കളാഴ്ച രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വാഹന മോഷണം തടയുന്നതിനുള്ള ഗ്രാന്റ് പ്രോഗ്രാമിലേക്ക് (PAT) 6 മില്യണ്‍ ഡോളര്‍ കൂടി അനുവദിക്കുമെന്ന് പ്രൊവിന്‍ഷ്യല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഈ ഫണ്ട് ഒന്റാരിയോയിലുടനീളമുള്ള 22 പോലീസ് പ്രൊജക്റ്റുകള്‍ക്ക് പിന്തുണ നല്‍കും. ഇതില്‍ പീല്‍ റീജണിലെ പോലീസിന് 3,00,000 ഡോളറിന്റെ പുതിയ ഫണ്ട് ലഭിക്കും.

‘സംഘടിത കുറ്റവാളികളെ വേട്ടയാടാന്‍ പോലീസിന് ആവശ്യമായ ഉപകരണങ്ങളും വിഭവങ്ങളും നല്‍കുന്നതുകൊണ്ടാണ് ഒന്റാരിയോയിലുടനീളം വാഹന മോഷണം കുറയുന്നത്,’ ഒന്റാരിയോ സോളിസിറ്റര്‍ ജനറല്‍ മൈക്കല്‍ കേര്‍സ്‌നര്‍ പറഞ്ഞു. മോഷണം കുറയ്ക്കുന്നതില്‍ പുരോഗതി കാണുന്നുണ്ടെങ്കിലും നടപടികള്‍ തുടരുമെന്നും കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
2023-ല്‍ ഒന്റാരിയോയില്‍ 30,134 വാഹന മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് നിന്ന് നിലവില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്വിറ്റെ അസോസിയേഷന്റെ ഡാറ്റ പ്രകാരം 2025-ല്‍ ഒന്റാരിയോയില്‍ 19,319 വാഹന മോഷണങ്ങള്‍ മാത്രമാണ് നടന്നത്.
