തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷമെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷിയുടെ നിര്‍ണായക ശബ്ദരേഖ പുറത്ത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ (DMO), ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ (DPM) എന്നിവരടങ്ങുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് എച്ച്എംസി (HMC) ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി മരുന്ന് പ്രാദേശികമായി വാങ്ങി സംഭരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മരുന്ന് ക്ഷാമം മൂലം വന്‍ പ്രതിസന്ധി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി സൂപ്രണ്ടുമാര്‍ അടിയന്തരമായി പ്രാദേശികമായി (Local Purchase) മരുന്നുകള്‍ വാങ്ങി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം, മരുന്ന് ക്ഷാമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യാതൊരു കാരണവശാലും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും വി. മീനാക്ഷി കര്‍ശനമായി ചട്ടം കെട്ടിയിട്ടുണ്ട്.

ആശുപത്രി സൂപ്രണ്ടുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നില്ലെന്ന് ഡിഎംഒമാര്‍ ഉറപ്പാക്കണമെന്നും, സ്റ്റോക്കിലുള്ള മരുന്നുകള്‍, ലഭ്യതയില്ലാത്തവ, ലോക്കല്‍ പര്‍ച്ചേസ് നടത്തുന്നവ തുടങ്ങിയ ഒരു വിവരവും പുറത്തുവിടരുതെന്നുമാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വിവരങ്ങള്‍ പുറത്തുവരുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതിനിടെയാണ് ഡയറക്ടറുടെ നിര്‍ണായക സന്ദേശം ചോര്‍ന്നത്.
