ഓട്ടവ: രാജ്യത്ത് ഡീസലിന്റെ ഫെഡറല്‍ നികുതി കുറയ്ക്കാനും ഇന്ധനലഭ്യത ഉറപ്പാക്കാനുമുള്ള പുതിയ നിര്‍ദേശവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ പിയേര്‍ പൊളിയേവ്. രാജ്യത്തെ മൊത്തം ആവശ്യത്തിനുള്ള ഡീസല്‍ കാനഡയില്‍ തന്നെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ഗതാഗത തടസ്സങ്ങള്‍ കാരണം ചില പ്രദേശങ്ങള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
വരുന്ന ജൂലൈ 1 (കാനഡ ദിനം) വരെയെങ്കിലും ഡീസല്‍ വില്‍പ്പനയ്ക്കുള്ള മുഴുവന്‍ നികുതിയും ഒഴിവാക്കണമെന്നാണ് പോളീവിന്റെ പ്രധാന ആവശ്യം. കേന്ദ്ര ഇന്ധന എക്‌സൈസ് നികുതി ഇളവ് നീട്ടുന്നതിനൊപ്പം ഇന്ധന വാങ്ങലിനുള്ള ജി.എസ്.ടിയും (GST) പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

‘കര്‍ഷകരും ട്രക്ക് ഡ്രൈവര്‍മാരും കൂടുതല്‍ തുക നല്‍കേണ്ടി വരുമ്പോള്‍ അതിന്റെ ഭാരം സാധാരണക്കാരായ ഉപഭോക്താക്കളിലേക്കാണ് എത്തുന്നത്,’ ഓട്ടവയിലെ ഒരു പെട്രോള്‍ പമ്പില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പോളിയേവ് പറഞ്ഞു. ‘സ്വന്തം എണ്ണ ഉപയോഗിച്ച് രാജ്യത്തെ ശാക്തീകരിക്കാന്‍ നമുക്ക് സാധിക്കണം. ഊര്‍ജ്ജ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിലൂടെ ലഭിക്കുന്ന ലാഭം കനേഡിയന്‍ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനുപുറമെ, ഡീസല്‍ ഉത്പാദന നികുതികള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ഫെഡറല്‍ ഇന്‍ഡസ്ട്രിയല്‍ കാര്‍ബണ്‍ ടാക്‌സും ക്ലീന്‍ ഫ്യുവല്‍ സ്റ്റാന്‍ഡേര്‍ഡും സ്ഥിരമായി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവ ഉത്പാദനച്ചെലവ് വര്‍ധിപ്പിക്കുകയും പുതിയ റിഫൈനറികളിലെ നിക്ഷേപങ്ങളെ പിന്നോട്ടടിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഫെഡറല്‍ ഇംപാക്ട് അസസ്‌മെന്റ് പ്രക്രിയയില്‍ നിന്ന് റിഫൈനറികളെ ഒഴിവാക്കണമെന്നും കണ്‍സര്‍വേറ്റീവുകള്‍ ആവശ്യപ്പെടുന്നു. ഇത് പരിസ്ഥിതി സംരക്ഷണത്തെ ബാധിക്കില്ലെന്നും മലിനീകരണം, മാലിന്യജലം, ചോര്‍ച്ച എന്നിവ തടയുന്നതിനുള്ള ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ നിയമങ്ങള്‍ റിഫൈനറികള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ടെന്നും പാര്‍ട്ടി വ്യക്തമാക്കി. രാജ്യത്തെ റിഫൈനിങ്് ശേഷി വര്‍ധിപ്പിക്കാനും കൂടുതല്‍ കനേഡിയന്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
പൊളിയേവിന്റെ നിര്‍ദേശങ്ങളോട് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭാവിയില്‍ ഡീസല്‍ ഉപയോഗത്തില്‍ നിന്ന് മാറും അഥവാ ഫേസ്-ഔട്ട് ചെയ്യുമോ എന്ന ചോദ്യത്തിന്, ഇന്ധന വിലക്കുറവിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് അദ്ദേഹം മറുപടി നല്‍കി. ‘ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനും മധ്യവര്‍ഗത്തെ ശാക്തീകരിക്കാനും കുറഞ്ഞ നിരക്കിലുള്ള ഇന്ധനം അത്യാവശ്യമാണ്. കനേഡിയന്‍ എണ്ണയും ഗ്യാസും ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, മറിച്ച് കൂടുതല്‍ എണ്ണ കുറഞ്ഞ വിലയില്‍ ഉത്പാദിപ്പിക്കാനാണ് ഞാന്‍ ലക്ഷ്യമിടുന്നത്,’ പൊളിയേവ് വ്യക്തമാക്കി.
